aadhaar enrolment at 111 crore fetched rs 36144 crore savings

വിരലടയാളവും ആധാര്‍ നമ്പറും ഉപയോഗിച്ച് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പണം അയയ്ക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ആധാര്‍ പേ സേവനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ആധാര്‍ പണമിടപാടിനു മൊബൈല്‍ ഫോണിന്റെ
ആവശ്യമില്ല.14 ബാങ്കുകള്‍ ആധാര്‍ പേ സംവിധാനത്തിലുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

111 കോടി ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. 49 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ആധാര്‍ വ്യാപകമായതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് 36,144 കോടി രൂപ ലാഭമുണ്ടായി എന്ന് കേന്ദ്ര ഐടി. മന്ത്രി. ഗ്യാസ് സബ്‌സിഡി ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഖജനാവില്‍ നിന്ന് പണം കൈമാറുന്നു.

2014,15ല്‍ 14,678 കോടി രൂപയും 2015,16ല്‍ 6,912 കോടി രൂപയും പഹല്‍ പദ്ധതിയിലൂടെ കൈമാറി. നിലവില്‍ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും ഇളവുകളും ഉപഭോക്താക്കളിലേക്ക് എത്തുന്നത് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ്. തുടര്‍ന്നുള്ള പദ്ധതികളും ആധാര്‍ പേ വഴി തന്നെയാവും നടപ്പിലാക്കുക. സുതാര്യ ഭരണത്തിന്റെ പ്രധാന തെളിവായി ആധാര്‍ മാറിയതായും മന്ത്രി അഭിപ്രായപ്പെട്ടു.

ഓരോ മാസവും 1.8 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുണ്ട്. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. നേരത്തെ ഓരോ മാസവും 60 ലക്ഷം പേരാണ് ആധാര്‍ ബന്ധിപ്പിച്ചിരുന്നത്. നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ ജനുവരി 15 വരെയുള്ള കണക്കുകള്‍ പ്രകാരം ആധാര്‍ വഴി 8.39 കോടി ഇടപാടുകള്‍ നടന്നിട്ടുണ്ട്.

ഡിസംബറില്‍ 3.73 കോടിയും ജനുവരി 15 വരെ 2.06 കോടിയും ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 2.57 കോടിയും നവംബറില്‍ 2.69 കോടിയും ആയിരുന്നു.

Top