ലോകായുക്തയില്‍ നിന്ന് പ്രതിപക്ഷത്തിന് ഏറ്റത് കനത്ത പ്രഹരമെന്ന് എ എ റഹീം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത തള്ളിയതിന് പിന്നാലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം.

അങ്ങനെ ആ കുരുക്കും പൊട്ടി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനും സര്‍ക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമായിരുന്നു കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫും ഒരു വിഭാഗം മാദ്ധ്യമങ്ങളും ഉയര്‍ത്തികൊണ്ടുവന്നത്. അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായിരുന്ന ആരോപണം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ആയിരുന്നെന്നും റഹീം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘അങ്ങനെ ആ കുരുക്കും പൊട്ടി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിനും സര്‍ക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നത്. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്നായിരുന്നു പ്രചരണം. അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായിരുന്ന ആരോപണം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ രാഷ്ട്രീയ നീക്കമായിരുന്നു. ശ്രീ. രമേശ് ചെന്നിത്തലയും സംഘവും ലോകായുക്തയില്‍ ചെന്നു. മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കും, ഇടതുപക്ഷ സര്‍ക്കാരിനുതന്നെ കനത്ത തിരിച്ചടിയുണ്ടാകും… എത്ര വലിയ സ്വപ്‌നങ്ങളായിരുന്നു.

പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശനെക്കാള്‍ കേമനാണ് താന്‍ എന്ന് തെളിയിക്കാനുള്ള അവസരമായികൂടിയാണ് ശ്രീ. രമേശ് ചെന്നിത്തല ഇതിനെ കണ്ടത്. വി.ഡി.സതീശന് മുമ്പേ രമേശ് ചെന്നിത്തല ലോകായുക്തയിലേക്ക് ഓടി. ലോകായുക്തയില്‍ നിന്ന് കനത്ത പ്രഹരമാണ് യുഡിഎഫിന് ഏറ്റത്.

മന്ത്രി ആര്‍.ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. സ്വജനപക്ഷപാതമില്ല, അധികാര ദുര്‍വിനിയോഗമില്ല. ഈ വിധി സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രതിപക്ഷത്തിന് ജാള്യത മറയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെടേണ്ടിയും വരും.

പതിവുപോലെ കുരുക്കുമായിറങ്ങിയ ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ക്കുള്ള മറുപടികൂടിയാണ് ലോകായുക്തയില്‍ നിന്നുണ്ടായത്. പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ നിറംകലര്‍ത്തി ഒരുവിഭാഗം മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കി. പ്രതിപക്ഷത്തിന് വേണ്ടി ഓവര്‍ടൈം പണിയെടുക്കുന്ന ഈ മാദ്ധ്യമസംഘം ഈ പ്രശ്‌നത്തില്‍ വസ്തുതാവിരുദ്ധമായ എത്രയെത്ര വാര്‍ത്തകളാണ് ‘ആധികാരികമായി’ നല്‍കിയത്. വാര്‍ത്തകളും പ്രതിപക്ഷ ആരോപണങ്ങളും ഒരേ ട്രാക്കിലൂടെ, പരസ്പര സഹകരണത്തോടെ സഞ്ചരിച്ചു. ഇത് അധാര്‍മ്മികമായ മാദ്ധ്യമ പ്രവര്‍ത്തനരീതിയാണ്.

‘പ്രതിപക്ഷം പറഞ്ഞു, ഞങ്ങള്‍ കൊടുത്തു’ എന്നാണ് അല്‍പം മുന്‍പ് ഇതുസംബന്ധിച്ച് ഒരു മാദ്ധ്യമ അവതാരകന്‍ വിശദീകരിച്ചത്. പ്രതിപക്ഷം പറയുന്നത് കൊടുക്കണം. ആ ആരോപണങ്ങളില്‍ യുക്തിരഹിതവും വസ്തുതാപരമായ പിശകുമുണ്ടെങ്കില്‍ അത് ജനങ്ങളോട് ചൂണ്ടിക്കാണിക്കാന്‍ കൂടി മാദ്ധ്യമങ്ങള്‍ ബാധ്യസ്ഥരാണ്. അവര്‍ പറയുന്നതും, ഇവര്‍ പറയുന്നതും നടുക്ക് നിന്ന് വിളിച്ചുപറയുന്ന മെഗാഫോണുകളായി മാത്രം മാധ്യമങ്ങള്‍ താഴരുത്. പ്രോ ചാന്‍സിലര്‍കൂടിയായ മന്ത്രിക്ക് ചാന്‍സിലറായ ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ചൊരു കത്ത് നല്‍കുന്നതില്‍ ഒരനൗചിത്യവുമില്ലെന്ന് മനസിലാക്കി അത് ജനങ്ങളോട് പറയാന്‍ മാദ്ധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടായിരിന്നു. കണ്ണൂര്‍ വൈസ് ചാന്‍സിലറായി നിലവിലുള്ള വിസിയെ പുനര്‍നിയമിക്കുമ്പോള്‍ ഇതുസംബന്ധിച്ചുള്ള യുജിസി റെഗുലേഷന്‍ ഒന്നെടുത്ത് വായിച്ചാല്‍ ഏതൊരാള്‍ക്കും പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധ അബദ്ധമാണെന്നും യുക്തിരഹിതമാണെന്നും തിരിച്ചറിയാന്‍ കഴിയും. അതൊക്കെ ചൂണ്ടിക്കാണിക്കാനും വാര്‍ത്തയാക്കാനും മാദ്ധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടായിരുന്നു.

ഏകപക്ഷീയമായി കല്ലെറിയുന്നതാണ് മഹത്തരമായ മാദ്ധ്യമ പ്രവര്‍ത്തനമെന്ന മിഥ്യാധാരണയില്‍ നിന്ന് മാദ്ധ്യമങ്ങള്‍ മോചിപ്പിക്കപ്പെടണം. പ്രതിപക്ഷം രാഷ്ട്രീയം നടത്തട്ടെ, മാദ്ധ്യമങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തനവും നടത്തട്ടെ. വലതുപക്ഷത്തിന് വേണ്ടി ഓവര്‍ടൈം പണിയെടുക്കാന്‍ കുരുക്കുമായി നടക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും നിര്‍ത്തുന്നതല്ലേ നല്ലത്.’

Top