ക്വട്ടേഷന്‍ സംഘങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അണികളുണ്ടെന്ന് എ.എ റഹീം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും അണികളുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. എന്നാല്‍ തിരുത്തലിന് തയ്യാറായതും ഇതിനെതിരേ പ്രചാരണത്തിന് ഇറങ്ങിയതും ഡിവൈഎഫ്ഐ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ക്വട്ടേഷന്‍ സംഘത്തിന് രാഷ്ട്രീയമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഡിവൈഎഫ്ഐ യാതൊരു സംരക്ഷണവും നല്‍കിയിട്ടില്ല. ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ഉള്‍പ്പെട്ട ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും 2016ലും 2018ലും ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്തുപോയതാണെന്നും റഹീം പറഞ്ഞു.

അപര മുഖമണിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളെ ദൂരുപയോഗം ചെയ്യുന്നവര്‍ നിരവധിയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ചില ഗ്രൂപ്പുകള്‍ കണ്ടാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ഡിവൈഎഫ്ഐയുടെയോ ഔദ്യോഗിക മുഖമായി ആളുകള്‍ക്ക് തോന്നിപ്പോകും. എന്നാല്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ഡിവൈഎഫ്ഐയുടെ കൊടിയും പിടിച്ച് ചെഗുവരയുടെ ടീ ഷര്‍ട്ട് ധരിച്ചതുകൊണ്ട് മാത്രം ഡിവൈഎഫ്ഐ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയുള്ള പാര്‍ട്ടിയുടെ സമരം ഏതെങ്കിലും വ്യക്തികള്‍ക്കെതിരേയല്ല മറിച്ച് എങ്ങനെയും പണമുണ്ടാക്കണമെന്ന പ്രവണതയെക്കെതിരേയാണ്. ഇത്തരക്കാരെ പിന്തുണയ്ക്കാന്‍ ഡിവൈഎഫ്ഐയ്ക്ക് സാധിക്കില്ല. പിന്തുണ നല്‍കുമായിരുന്നെങ്കില്‍ ഇവര്‍ക്കെതിരേ പാര്‍ട്ടി പരസ്യമായി രംഗത്തിറങ്ങില്ലായിരുന്നുവെന്നും ആദ്ദേഹം വ്യക്തമാക്കി.

 

Top