രഞ്ജൻ പ്രമോദ് – ദിലീഷ് പോത്തൻ ചിത്രം ഒ ബേബിയെ പ്രശംസിച്ച് എഎ റഹീം

ഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ‘ഒ.ബേബി’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസായത്. ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം ഇതിനകം തീയറ്ററില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത്. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘ഒ. ബേബി’യില്‍ ദിലീഷ് പോത്തനാണ് നായകൻ. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദിലീഷ് പോത്തൻ നായകനാകുന്നു എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു.

ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് ചിത്രത്തിന്റെ ആസ്വദനം റഹീം പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണിനും സ്വത്തിനും വേണ്ടിയുള്ള യാത്രയിൽ ഉറ്റവരാൽ കൊല്ലപ്പെട്ട നാളിതുവരെയുള്ള എല്ലാ മനുഷ്യരുടെയും ശവമഞ്ചങ്ങൾക്ക് അരികിലാണ് ഓ ബേബി അവസാനിക്കുന്നത്.

പക്ഷേ അന്ത്യകൂദാശയ്ക്കിടയിലും ന്യൂ ജെൻ ശബ്ദം മുഴങ്ങുന്നുണ്ട്. അപ്പാപ്പാ, ആ കല്യാണം നടക്കില്ല. അവനെ എനിക്കിഷ്ടമല്ല. നമ്മുടെ കൗമാരകക്കാർ പൊളിയാണ്, നിലപാടുള്ളവരാണ് എന്നാണ് എഎ റഹീം കുറിപ്പില്‍ പറയുന്നത്.

റഹീമിന്റെ കുറിപ്പ്

രഞ്ജൻപ്രമോദിന്റെ ഒ ബേബി സമീപകാലത്തു കണ്ട മികച്ച ചലച്ചിത്രങ്ങളിൽ ഒന്നാണ്.ദിലീഷ് പോത്തൻ നായകനായ ചിത്രത്തിൽ ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ഗംഭീര പ്രകടനം നടത്തിയിരിക്കുന്നു.ഒ ബേബി മുതൽ അയാളുടെ നായ വരെ….ചിത്രത്തിലെ സകല കഥാപാത്രങ്ങളും അസ്സലായിട്ടുണ്ട് .മനോഹരമായ മേക്കിങ്. നല്ല എഡിറ്റിങ്. അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥപറച്ചിൽ.

കാടിന്റെ വന്യതയിലും,എസ്റ്റേറ്റ് മുതലാളിയോടുള്ള അഗാധമായ വിധേയത്വത്തിലുമാണ് ബേബി ജീവിക്കുന്നത്.ബേബി കറുത്തവനാണ്,ജാതിയിൽ താണവനാണ്,നല്ല വിധേയനുമാണ് പക്ഷേ നിഷ്കളങ്കമായ ആ വിധേയത്വം ജാതിയെന്ന പ്രശ്നത്തിന് പരിഹാരമാകുന്നില്ല. പാതി തളർന്നുപോയ വലിയ മുതലാളിയിൽ മാത്രമല്ല,തളരാത്ത അയാളുടെ മക്കളിലും ജാതി എന്ന അശ്ളീല ബോധം,വീൽചെയറിൽ ഇരിക്കുന്ന വലിയ മുതലാളിയുടെ കോടിയ ചുണ്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന സ്രവം പോലെ നുരഞ്ഞു കവിയുന്നുണ്ട്.

പക്ഷേ ആ അപ്പാപ്പന്റെ പേരക്കുട്ടികൾ..ഇൻസ്റ്റാഗ്രാം തലമുറ അവർ പൊളിയാണ്.സ്നേഹത്തിന്റെയും കരുതലിന്റെയും ചിരിയാണ് അവരുടെ ചുണ്ടുകളിൽ. ബേബി മകനോട് ചോദിക്കുന്നുണ്ട്,നിനക്ക് മിനിയോട് പ്രേമമാണോ?ബേസിൽ അച്ഛനോട് പറയുന്ന മറുപടി,”അച്ഛാ ഞങ്ങൾ കട്ട ഫ്രണ്ട്സാണ് “ആൺ പെൺ ബന്ധങ്ങളുടെ ഊഷ്മളത പ്രണയവും കാമവും മാത്രമല്ല.ന്യൂ ജെൻ അക്കാര്യത്തിൽ തെളിച്ചമുള്ള നിലപാടുള്ളവരാണ്.പുതിയ തലമുറയുടെ ഇത്തരം സവിശേഷതകൾ രഞ്ജൻ പ്രമോദ് നന്നായി നിരീക്ഷിക്കുകയും തന്റെ ഈ സിനിമയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.ഡിവൈഎസ്പിയുടെ മുന്നിൽ ബേസിലും മിനിയും സ്ട്രൈറ്റായി നിലപാട് പറയുന്നുണ്ട്.

ഏത് എസ്റ്റാബ്ലിഷ്‌മെന്റിന്റെയും മുൻപിൽ തല ഉയർത്തി നില്ക്കാൻ പ്രാപ്തിയുള്ള കൗമാരത്തെയാണ് ഓ ബേബിയിൽ കാണാൻ കഴിയുന്നത്.സൗഹൃദവും സംരംഭവും ഒക്കെയുള്ള നല്ല ബന്ധങ്ങൾ അവർക്കിടയിൽ ഇന്നുണ്ട്.ഒരുമിച്ചു യാത്രപോകും,ഒരുമിച്ചു ഭാവി പ്ലാൻ ചെയ്യും,ചിലപ്പോൾ ഒരുമിച്ചു ജീവിക്കും ആരോഗ്യകരവും ഊഷ്മളവുമായ ആൺ പെൺ സൗഹൃദങ്ങളുടെ ന്യൂ ജെൻ പതിപ്പിനെ തന്റെ സിനിമയിൽ സംവിധായകൻ പകർത്തിയിട്ടുണ്ട്.

രഞ്ജൻ പ്രമോദ് ഓ ബേബിയിൽ കാണിക്കുന്നത് ഫെയ്സ്ബുക്ക് യൗവ്വനതെയല്ല,ഇൻസ്റ്റാഗ്രാം തലമുറയെയാണ്.കൂടുതൽ പുരോഗമനകരമായ സാമൂഹ്യ ചിന്തകൾ അവരിലുണ്ട്.മിനിയ്ക്ക് കറുമ്പനായ ബേസിലിനോട് കൂട്ട്കൂടാൻ അവന്റെ നിറവും ജാതിയും തടസ്സമാകുന്നില്ല.ബേസിൽ ബേബിയെ പോലെ വിധേയനാകുന്നുമില്ല,അപകർഷതാബോധത്തിൽ നിന്നും അവന്റെ തലമുറ പുറത്തുവന്നിരിക്കുന്നു.തലലയുയർത്തി നിൽക്കുന്ന ബേസിൽ,ബേബിയിൽ പരിവർത്തനത്തിന്റെ വെളിച്ചം പകരുന്നു.

ജാതിബോധം ഒരു വലതുപക്ഷ മാലിന്യമാണ്.വലതുപക്ഷ പിന്തിരിപ്പൻ ആശയമാണത്.അത് ജാതിയിൽ മാത്രം ഒതുങ്ങുന്നില്ല..ആർത്തി,എല്ലാം സ്വന്തമാക്കാനുള്ള ദുരമൂത്ത മനസ്സിലാണ് ജാതിബോധവും ജനിച്ചു ജീവിക്കുന്നത്. രക്തബന്ധങ്ങൾക്കുമപ്പുറം ആർത്തിയെന്ന വികാരവും അവരുടെ മനസ്സുകളിൽ ജീവിക്കുന്നു.മണ്ണിനും സ്വത്തിനും വേണ്ടിയുള്ള യാത്രയിൽ ഉറ്റവരാൽ കൊല്ലപ്പെട്ട നാളിതുവരെയുള്ള എല്ലാ മനുഷ്യരുടെയും ശവമഞ്ചങ്ങൾക്ക് അരികിലാണ് ഓ ബേബി അവസാനിക്കുന്നത്. പക്ഷേ അന്ത്യകൂദാശയ്ക്കിടയിലും ന്യൂ ജെൻ ശബ്ദം മുഴങ്ങുന്നുണ്ട്..അപ്പാപ്പാ,ആ ആകല്യാണം നടക്കില്ല.അവനെ എനിക്കിഷ്ടമല്ല.നമ്മുടെ കൗമാരകക്കാർ പൊളിയാണ്,നിലപാടുള്ളവരാണ്.

Top