ഡി.വൈ.എഫ്.ഐക്ക് എതിരാളിയില്ല, അരക്കോടി കവിഞ്ഞ് അംഗസഖ്യ . . .

സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐക്ക് അരക്കോടിയിലധികം അംഗങ്ങള്‍ ഉണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. വലിയ തോതിലാണ് വര്‍ധനവ് ഉണ്ടാകുന്നത്. അഭിമാനകരമായ നേട്ടമാണിത്. കാല്‍ ലക്ഷത്തിലധികം യൂണിറ്റുകള്‍ സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എക്‌സ്പ്രസ്സ് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും ഡി.വൈ.എഫ്.ഐ അംഗസംഖ്യയില്‍ വലിയ വര്‍ധനവുണ്ടാകും.സാമൂഹിക മാധ്യമങ്ങളില്‍ എതിര്‍പക്ഷത്ത് വലിയ ഏകീകരണമുണ്ടാകുന്നുണ്ടെന്നും റഹീം തുറന്നു പറഞ്ഞു. ഇവരെ ഒറ്റക്ക് നേരിടേണ്ട അവസ്ഥയാണ് സംഘടനയ്ക്ക് നിലവിലുള്ളത്. പ്രതിപക്ഷ സംഘടനകള്‍ക്കായി പ്രത്യേക ഏജന്‍സികള്‍ തന്നെ സോഷ്യല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യധാരാ മാധ്യമങ്ങളെ, പലഘട്ടത്തിലും തിരുത്തിയത് ഡി.വൈ.എഫ്.ഐ അടക്കമുള്ള പുരോഗമന സംഘടനകളുടെ ഇടപെടലിന്റെ ഭാഗമായാണ്.ഡി.വൈ.എഫ്.ഐക്ക് ഒത്ത ഒരു എതിരാളി സംഘടനയെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും എല്ലാം ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കൊണ്ടു വരുന്ന അനാവശ്യ വിവാദങ്ങളാണ്. വലതുപക്ഷ മാധ്യമങ്ങളെയും ആ കൂട്ടത്തില്‍പെടുത്താമെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറി തുറന്നടിച്ചു.

ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന സമരമല്ല കോവിഡ് കാലത്ത് പ്രതിപക്ഷം നടത്തുന്നത്. ഔചിത്യ ബോധമാണ് പ്രതിപക്ഷത്തിന് ഇതിലൂടെ നഷ്ടമായിരിക്കുന്നത്.

ചെറുപ്പത്തെ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കുക എന്നതാണ് സംഘടന നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയെന്നും റഹീം വ്യക്തമാക്കി. സമൂഹത്തില്‍ നിലനില്‍ക്കുന്ന അരാഷ്ട്രീയവല്‍ക്കരണവും വലിയ വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രചരണം ഇനിയും ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കും.

പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ സമരം ‘മഷി കുപ്പി’ സമരമാണെന്നും റഹീം പരിഹസിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയവരാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. കേരളത്തില്‍ ആദ്യമായി ജലപീരങ്കി ഉപയോഗിച്ചത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് നേര്‍ക്കാണ്. കേരളത്തില്‍ ആദ്യമായി ഗ്രെനൈഡ് ഉപയോഗിച്ചതും യൂണിവേഴ്‌സിറ്റി കോളജിന് അകത്തേക്കായിരുന്നു. വിദ്യാര്‍ത്ഥി സമരത്തിന് നേരെയായിരുന്നു ഈ ആക്രമണം. ഇതില്‍ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇലക്ട്രിക് ബാറ്റണ്‍ കൊണ്ട് സമരക്കാരെ നേരിട്ടതും കോണ്‍ഗ്രസ്സിന്റെ പൊലീസാണ്. നിരവധി വനിതകളുടെ കാലുകള്‍ അക്കാലത്ത് പൊലീസ് തല്ലിയൊടിക്കുകയുണ്ടായി. ക്രൂരമായ വേട്ടയാടലുകള്‍ നടന്നു. ഇന്ന് അറസ്റ്റ് ചെയ്തവരെ അപ്പോള്‍ തന്നെ വിടുന്നു. അന്ന് സ്‌കൂള്‍ കുട്ടികളെയും വനിതകളെയുമെല്ലാം മാസങ്ങളോളം ജയിലിലടച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ചരിത്രം യൂത്ത് കോണ്‍ഗ്രസ്സ് പഠിക്കണം. അന്നത്തെ പോലെ ഇന്ന് പൊലീസ് രാജില്ല. യു.ഡി.എഫ് ഭരിക്കുമ്പോള്‍ തെരുവില്‍ ഒഴുകിയത് വിദ്യാര്‍ത്ഥികളുടെയും യുവജന സംഘടനാ പ്രവര്‍ത്തകരുടെയും ചോരയായിരുന്നു. അല്ലാതെ മഷികുപ്പിയിലെ നിറങ്ങളല്ല. ഇതാണ് യൂത്ത് കോണ്‍ഗ്രസ്സും ഞങ്ങളും തമ്മിലുള്ള വ്യത്യാസം.

അടൂര്‍ പ്രകാശ് പഠിച്ച് വന്ന രാഷ്ട്രീയമല്ല ഡിവൈ.എഫ്.ഐയുടെ രാഷ്ട്രീയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം.പി നടത്തിയ പരാമര്‍ശത്തിനായിരുന്നു ഈ മറുപടി. ഞങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍, സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികളോട് അന്വേഷിക്കും. അത് സംഘടനാപരമായ ഉത്തരവാദിത്വം കൂടിയാണ്. പ്രതികരിക്കുന്നതിന് മുന്‍പ് നേതൃത്വം ഇത്തരം വിവരങ്ങള്‍ കളക്ട് ചെയ്യേണ്ടത് ആവശ്യമാണ്. സാക്ഷിമൊഴി കളവാണെന്ന് വരുത്തി തീര്‍ക്കാനാണ് എം.പി വിവാദ ആരോപണത്തിലൂടെ ശ്രമിച്ചത്. ഇത് ക്രൂരമാണെന്നും എ.എ. റഹീം ചൂണ്ടിക്കാട്ടി. ( രമ്യ എം.എം നടത്തിയ വീഡിയോ അഭിമുഖത്തിന്റെ ആദ്യഭാഗം ചുവടെ)

 

Top