മാധ്യമങ്ങൾക്കും വി.ഡി സതീശനും എതിരെ ആഞ്ഞടിച്ച് എ എ റഹീം, നിയമസഭയിൽ എന്തു കൊണ്ട് ഉന്നയിച്ചില്ലന്നും ചോദ്യം

യുഡിഎഫിന് വേണ്ടി ‘ഓവർ ടൈം’ ജോലി ചെയ്യുന്ന തിരക്കിലാണ് കേരളത്തിലെ ചില മാധ്യമങ്ങളെന്ന് ഡി.വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എഎ റഹീം. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിലാണ് റഹീം ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ മാധ്യമങ്ങൾ എല്ലാം ഒന്നിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തെ എല്ലാ കാലത്തും ചെറുത്ത് തോൽപ്പിച്ച് മുന്നോട്ട് പോകുന്നവരാണ് ഇടതുപക്ഷക്കാർ. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ തട്ടകമാണ് കോട്ടയം. ഇത്തരം മാധ്യമങ്ങൾക്ക് മധ്യ കേരള ബെൽറ്റിൽ നല്ല സ്വാധീനവുമുണ്ട്. അതെല്ലാം അതിജീവിച്ചാണ് ഇപ്പോൾ പുതുപ്പള്ളിയിലും ഇടതുപക്ഷം മുന്നേറ്റം തുടരുന്നതെന്നും റഹീം അവകാശപ്പെട്ടു.

ഇടുക്കി മുതൽ പത്തനംതിട്ട വരെയുള്ള മധ്യകേരള ബെൽറ്റിൽ സമീപ കാലത്തായി ഇടതുപക്ഷം മികച്ച മേൽകൈ നേടുന്നുവെന്ന് ഉദാഹരണ സഹിതമാണ് റഹീം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ ഒരാൾ നിയമസഭയിൽ എത്തിയിട്ട് ഇരുപതിലധികം വർഷമായിട്ടുണ്ട്. പത്തനതിട്ട ജില്ലയിൽ നിന്ന് ഇത്തവണ ആരും കൈപ്പത്തി ചിഹ്നത്തിൽ നിയമസഭയിൽ എത്തിയിട്ടുമില്ല. ഇത്തരം മാറ്റത്തിന്റെ സൂചനകൾ കോട്ടയം ജില്ലയിലും പുതുപ്പള്ളി മണ്ഡലത്തിലെ പഞ്ചായത്തുകളിലും ദൃശ്യമാണെന്നാണ് റഹീം പറയുന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ‘മാസപ്പടി’ വിവാദം എന്തുകൊണ്ട് നിയമസഭയിൽ ഉന്നയിക്കുന്നില്ലെന്ന് റഹീം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ ആരോപണം ‘മലയാള മനോരമ’ എന്ന പത്രം സൃഷ്ടിച്ചെടുത്ത “പുതുപ്പള്ളി തിരഞ്ഞെടുപ്പ് ‘ക്യാംപെയിന്റെ” മാത്രമാണ്. ആരോപണത്തിന്റെ കഴമ്പില്ലായ്മ കൊണ്ടാണ് സതീശൻ അടക്കമുള്ള ആളുകൾ ഇത് നിയമസഭയിൽ ഉന്നയിക്കാതിരുന്നത്. ഇത് പുതുപ്പള്ളിയിൽ പറഞ്ഞത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും റഹീം തുറന്നടിച്ചു.

പുതുപ്പള്ളിയിലെ സതിയമ്മയുടെ ജോലി വിവാദം തിരഞ്ഞെടുപ്പിലേക്ക് വലിച്ചഴച്ചത് യുഡിഎഫിലെ തരംതാഴ്ന്ന രാഷ്ട്രീയ പ്രചാരക്കാരാണെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ പരാതിക്കാരിയും ഒരു സാധു സ്ത്രീയാണ്. തുവ്വൂർ കൊലക്കേസിലെ മാധ്യമ ശ്രദ്ധ മാറ്റാൻ വേണ്ടിയാണ് ഈ വിവാദം യുഡിഎഫ് സൃഷ്ടിച്ചത്. തുവ്വൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വീട്ടുവളപ്പിൽ നിന്നാണ് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേ സമയത്ത് യുഡിഫ് സൃഷ്‌ടിച്ച നാടകം മാത്രമാണിത്. അവരുടെ നാടകത്തിൽ അവർ സൃഷ്ടിച്ചെടുത്ത ഇരയാണ് സതിയമ്മ എന്നും റഹീം ആരോപിച്ചു. (അഭിമുഖത്തിന്റെ പൂർണ്ണരൂപം വീഡിയോയിൽ കാണുക )

Top