‘കൊറോണയല്ല, സര്‍ക്കാര്‍ തകരണം’; പ്രതിപക്ഷത്തിന്റെ സാഡിസ്റ്റ് മനസ്സിനെ ആഞ്ഞടിച്ച് റഹീം!

കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ നേതാവിന് മറുപടി കൊടുത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. എല്ലാം പൂട്ടിയേ മതിയാകൂ എന്ന് അദ്ദേഹം പറയുന്നത് കേരളത്തെ രക്ഷിക്കാനല്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ചെന്നുപതിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ടു മാത്രമാണ് അദ്ദേഹം മദ്യശാലകളുടെ കാര്യത്തില്‍ ഇത്ര ശുഷ്‌കാന്തി കാണിക്കുന്നതെന്നും റഹീം ചൂണ്ടിക്കാട്ടി.

അതേസമയം ആരോഗ്യമന്ത്രി നിരന്തരം വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നെന്ന് ചെന്നിത്തല പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടണം,സര്‍വകലാശാലാ പരീക്ഷകള്‍ നിര്‍ത്തണം, ആള്‍ക്കൂട്ടം രോഗം പരത്തും എന്നൊക്കെ പറയുന്നത് കേട്ടാല്‍ ആളുകളില്‍ ഭീതി വരില്ലാ എന്നുണ്ടോ? എന്നും റഹീം ചോദിച്ചു.

മാത്രമല്ല, ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും കേരളം അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സുപ്രീം കോടതി മുതല്‍ അന്താരാഷ്ട്ര സമൂഹം വരെ നമ്മെ അഭിനന്ദിക്കുന്നു, മാതൃകയാക്കുന്നു. ഓരോ അഭിനന്ദനവും നമ്മുടെതെല്ലാമാണ്. പിന്നെയെന്തിനാണ്, നിങ്ങളില്‍ ചിലര്‍മാത്രം മാറി നിന്ന് ഇങ്ങനെ ‘ഓരിയിടുന്നത്?’ ആരെയാണ് നിങ്ങള്‍ കൂവിത്തോല്‍പ്പിക്കുന്നത്? എന്നും എഎറഹീം ആഞ്ഞടിച്ചു.

ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഹീമിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്..

ശ്രീ രമേശ് ചെന്നിത്തല സംസാരിക്കുന്നത് ബിവറേജേസിനെ കുറിച്ചാണ്….

ബാറും ബിവറേജസ് ഔട്ലെറ്റുമാണ് പ്രശ്നം. രണ്ടിടത്തും ആള്‍ക്കൂട്ടം പ്രശ്നം സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. നിയമ സഭാ സമ്മേളനം അവസാനിപ്പിക്കരുത്, അത് ആളുകളില്‍ ഭീതിപരത്തും എന്നാണ് കുറച്ചു ദിവസം മുന്‍പ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. മാത്രവുമല്ല, ആരോഗ്യമന്ത്രി കൂടെക്കൂടെ കോവിഡിനെ കുറിച്ച് പറഞ്ഞു ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു എന്നുമായിരുന്നു ആരോപണം.

ഇപ്പോള്‍, ഈ ബിവറെജസ് ഔട്ലെറ്റ് പൂട്ടണം,സര്‍വകലാശാലാ പരീക്ഷകള്‍ നിര്‍ത്തണം, ആള്‍ക്കൂട്ടം രോഗം പരത്തും എന്നൊക്കെ പറയുന്നത് കേട്ടാല്‍ ആളുകളില്‍ ഭീതി വരില്ലാ എന്നുണ്ടോ?
എന്താണ് യഥാര്‍ഥത്തില്‍ യുഡിഎഫിന്റെ പ്രശ്നം? എന്താണ് നിങ്ങളുടെ സമീപനം? നിലപാട്?. കോവിഡ് 19ഒരു പ്രശ്നമാണോ? ആണെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യമന്ത്രിയെ അപമാനിച്ചതിന് മാപ്പ് പറയണം.

ഈ തലമുറ ഇതുവരെ അനുഭവിക്കാത്ത രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കേരളവും,ലോകവും കടന്നുപോകുന്നത്. എത്രനാള്‍ ഈ പ്രതിസന്ധി തുടരുമെന്ന് ഉറപ്പില്ല. നമുക്ക് അതിജീവിച്ചേ മതിയാകൂ. ലോകത്തിലെ പല വികസിത രാജ്യങ്ങളും കാലിടറിയ കളത്തിലാണ് നമ്മള്‍,
ഈ ചെറിയ നാട് ഇന്ന് നില്‍ക്കുന്നത്, പൊരുതുന്നത്.

ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും അതീവശ്രദ്ധാലുവായി നാം നീങ്ങുമ്പോള്‍ സുപ്രീം കോടതി മുതല്‍ അന്താരാഷ്ട്ര സമൂഹം വരെ നമ്മെ അഭിനന്ദിക്കുന്നു, മാതൃകയാക്കുന്നു.
ഓരോ അഭിനന്ദനവും നമ്മുടെതെല്ലാമല്ലേ.

പിന്നെയെന്തിനാണ്, നിങ്ങള്‍ ചിലര്‍മാത്രം മാറി നിന്ന് ഇങ്ങനെ ‘ഓരിയിടുന്നത്?’ ആരെയാണ് നിങ്ങള്‍ കൂവിത്തോല്‍പ്പിക്കുന്നത്?…

സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. കൊറോണ ജാഗ്രതയുടെ ഭാഗമായി നാടാകെ സ്തംഭിക്കണം എന്ന നിലപാട് സര്‍ക്കാരിനില്ല. തിരുവനന്തപുരത്തു മാളുകളും മറ്റും അടയ്ക്കണമെന്നും ആളുകള്‍ ആരും പുറത്തിറങ്ങരുത് എന്നും കളക്ടര്‍ പറഞ്ഞപ്പോള്‍, അതു സര്‍ക്കാര്‍ നിലപാടല്ല എന്ന് തറപ്പിച്ചു പറഞ്ഞത് മുഖ്യമന്ത്രിയാണ്. മാളുകള്‍ പൂട്ടണം എന്ന നിലപാട് സര്‍ക്കാരിനില്ല. അതുപോലെ മദ്യവില്പനശാലകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല.
സര്‍വകലാശാല മുതല്‍ മദ്രസാ പരീക്ഷകള്‍ വരെ എല്ലാം മുടക്കമില്ലാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം നടക്കണം.

മാളും, കടകളും, ബാറും, ബിവറേജസ് ഔട്ലെറ്റുകളും അങ്ങനെ സകല വ്യാപാര സ്ഥാപനങ്ങളും ഇപ്പോഴേ അടച്ചുപൂട്ടി എത്രകാലമാണ് നമുക്ക് മാറിനില്‍ക്കാനാവുക? ഓര്‍ക്കണം ഈ പ്രതിസന്ധി എത്രകാലം നീളുമെന്ന് ഉറപ്പില്ല. നിയമസഭാ സമ്മേളനം പോലും നിര്‍ത്തിയതിനെ വിമര്‍ശിച്ചവര്‍, അനാവശ്യ ഭീതിയെന്നു ആരോപിച്ചവര്‍ ഇതെല്ലാം അനിശ്ചിത കാലത്തേയ്ക്ക് അടച്ചുപൂട്ടി എത്ര വലിയ ഭീതിയാണ് വിഭാവനം ചെയ്യുന്നത്?

പ്രതിപക്ഷം ഇതുവരെ പറഞ്ഞത് തമ്മില്‍ എന്തെങ്കിലും ഒരുകാര്യം ഒത്തുപോകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നിങ്ങളുടെ നിഴല്‍നിന്നു ഉറക്കെ ‘കൂവുന്നത്’, കേള്‍ക്കാം.

എല്ലാം പൂട്ടിയേ മതിയാകൂ എന്ന് പറയുന്നത് കേരളത്തെ രക്ഷിക്കാനല്ല, കടുത്ത പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ചെന്നുപതിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ടു മാത്രമാണ്. സംസ്ഥാനത്തിന്റെ വരുമാനം ഓരോ ദിവസവും പിറകോട്ടു പോകുന്നു. നേരത്തേ വന്ന പ്രകൃതി ദുരന്തങ്ങളും, നോട്ടു നിരോധനവും, ജിഎസ്ടിയും, പ്രവാസലോകത്തെ പ്രതിസന്ധികളും, രാജ്യത്തെ സാമ്പത്തിക മാന്ദ്യവും, കേന്ദ്രസര്‍ക്കാരിന്റെ ശത്രുതാപരമായ പെരുമാറ്റവും…..നമ്മുടെ ചെറിയ കേരളം എങ്ങനെ അതിജീവിക്കുന്നു എന്നത് തന്നെ അത്ഭുതമാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാവനാപൂര്‍ണവും ഇശ്ചാശക്തിയുമുള്ള ഇടപെടലുകളാണ് നമ്മെ ഇന്ന് നിലനിര്‍ ത്തുന്നത്. അതിനിടയിലാണ് കോവിഡ് 19എന്ന മഹാമാരി നമ്മെ വേട്ടയാടാന്‍ തുടങ്ങിയത്.

‘ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന സിനിമയിലെ ഇന്നസെന്റും കൂടെയുള്ള പ്രതിപക്ഷ അംഗങ്ങളും നിര്‍വഹിക്കുന്ന റോളുണ്ട്. ഭരണപക്ഷത്തിന് മംഗളപത്രം എഴുതല്‍ അല്ല പ്രതിപക്ഷത്തിന്റെ ജോലി എന്ന് പറയുന്നത് കേട്ടു. ശരിയാണ്. പക്ഷേ, കൂവലും കൊഞ്ഞനംകുത്തലുമല്ല പ്രതിപക്ഷത്തിന്റെ ജോലി എന്നുകൂടി അങ്ങ് മനസ്സിലാക്കണം.

കൂടുതല്‍ പേര്‍ മരിക്കണം, കൂടുതല്‍ പേര്‍ക്ക് കോവിഡ് വരണം, നാട് കൂടുതല്‍ സ്തംഭിക്കണം, സര്‍ക്കാര്‍ കൂടുതല്‍ ധനപ്രതിസന്ധിയിലാകണം, സര്‍ക്കാരിന്റെ വികസന പദ്ധതികളാകെ മുടങ്ങണം, എന്നൊക്കെ ആശിക്കുന്നതും ആലോചിക്കുന്നതും എത്രമേല്‍ നിന്ദ്യമാണ്.
എല്‍ഡിഎഫ് ഒന്ന് തോറ്റു കാണാന്‍ ഈ നാടാകെ തുലഞ്ഞുപോകണം എന്നാലോചിക്കുന്ന സാഡിസ്റ്റ് മനസ്സു അപാരം തന്നെ.

മദ്യശാലയായാലും പലവ്യഞ്ജന കടയായാലും സര്‍ക്കാര്‍ ഓഫീസായാലും ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുക. അതല്ലാതെ എന്നവസാനിക്കും എന്നറിയാത്ത ഒരു പ്രതിസന്ധിയില്‍ നാടാകെ അനിശ്ചിതമായി ഇന്നേ അടച്ചിടാന്‍ ഇത് എ ഐ സി സി ഓഫീസല്ല, കേരളമാണ്, മനുഷ്യരുടെ ജീവിതവും സ്വപ്നവും പ്രതീക്ഷകളും ഒക്കെയാണ്. ഒന്നും തകര്‍ന്നു പോകാതെ നമുക്ക് അതിജീവിക്കണം ഈ മഹാമാരിയെ.

ശ്രദ്ധിക്കൂ…
സര്‍ക്കാര്‍ നാടിന്റേതാണ്. നാടാകെ ഒരുമിച്ചു നില്‍ക്കണം. നമ്മള്‍ അതിജീവിക്കും.
‘കൂവി നടക്കുന്നവര്‍’കൂടി നാളെ നാടിനൊപ്പം നില്‍ക്കും,
നില്ക്കാന്‍ നിര്‍ബന്ധിതരാകും.

ഒട്ടേറെയുണ്ട് നമുക്ക് ചെയ്തിടാന്‍…
വരൂ നാടാകെ കൈകോര്‍ത്തു നില്‍ക്കാം.

Top