കാറില്‍ കടത്തുകയായിരുന്ന നാലേക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പഴയങ്ങാടി: പഴയങ്ങാടിയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 4.300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പരിയാരം ഹൈസ്‌ക്കൂളിനു സമീപം താമസിക്കുന്ന അശ്വിന്‍ രാജി(23)നെയാണ് ഇന്നലെ രാത്രി പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്പക്ടര്‍ എ. ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കടത്താനുപയോഗിച്ച മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.പി. രജിരാഗിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു പഴയങ്ങാടി പോലീസി സ്റ്റേഷനു സമീപത്തു വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍, തളിപ്പറമ്പ് മാട്ടൂല്‍ ,പുതിയങ്ങാടി, ഏട്ടിക്കുളം പരിയാരം, ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാര്‍ പറഞ്ഞു.

കഞ്ചാവ് ചെറിയ കവറുകളിലാക്കി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ വില്‍പന നടത്തുകയും വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി കഞ്ചാവ് വില്‍പന നടത്തുകയും ചെയ്തു വരികയായിരുന്നുവെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണിലേക്കു വന്ന കോളുകള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മാട്ടൂല്‍, മാടായി, പുതിയങ്ങാടി, മാടായിപ്പാറ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രികരിച്ചു കഞ്ചാവ് വില്‍പന സംഘം വലിയ തോതില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ സന്തോഷ് തുണോളി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി. ജിതേഷ് , പി.പി. രജി രാഗ്, വി.ശ്രീജിന്‍, പി.വി.രാഹുല്‍. എന്നിവയുമുണ്ടായിരുന്നു.

 

Top