കേരളത്തില്‍ നിന്ന് മടങ്ങിയ യുവാവ് നിപ ലക്ഷണങ്ങളോടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍

കൊല്‍ക്കത്ത: കേരളത്തില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ യുവാവിനെ നിപ ലക്ഷണങ്ങളോടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരളത്തില്‍ അതിഥി തൊഴിലാളിയായി ജോലി ചെയ്യുന്ന ബര്‍ദ്വാന്‍ സ്വദേശിയെയാണ് കടുത്ത പനിയും ഛര്‍ദ്ദിയും തൊണ്ടയിലെ അണുബാധയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് 20കാരന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ഇയാള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തിയത്.

എന്നാല്‍ പിന്നീട് വീണ്ടും കടുത്ത പനി അനുഭവപ്പെട്ടു തുടങ്ങി. ഇതോടെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിനെ ആദ്യം നാഷണല്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ബെലിയാഘട്ട ഐഡി ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top