തൃശ്ശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ മരിച്ച യുവാവിന് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണമാണിത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്‌ബോൾ കളിച്ചവരും നീരീക്ഷണത്തിലാണ്.

യുവാവിനെ 21ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊണ്ട് വന്നത് നാല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. 4 ദിവസത്തെ വിശ്രമത്തിനു ശേഷം പുറത്തിറങ്ങി സമീപ വാസികൾക്കൊപ്പം യുവാവ് ഫുട്ബോൾ കളിച്ചിരുന്നു. വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. തുടർന്ന് ആദ്യം ചാവക്കാടും അവിടെ നിന്ന് തൃശ്ശൂരുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പ്രതിരോധ നടപടികൾക്കായി ഇന്ന് പുന്നയൂരിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു.

Top