അസുഖമഭിനയിച്ച് ആശുപത്രിയിലെത്തി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ: അസുഖമുണ്ടെന്ന് അഭിനയിച്ച് ആശുപത്രിയിലെത്തി വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മണ്ണഞ്ചേരി ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. സമാനമായ കേസിൽ മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്.

മണ്ണഞ്ചേരി കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. അസുഖമാണെന്ന് പറഞ്ഞെത്തിയ ഇയാൾ ചികിത്സക്കിടയിൽ ഡോക്ടറെ കടന്ന് പിടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരേയും മർദ്ദിച്ചു.

ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തി. പ്രതി ലഹരിക്ക് അടിമയാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആശുപത്രിയെ കുറിച്ചും ജീവനക്കാരേയും വ്യക്തമായ ധാരണയോടെയാണ് പുലർച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

Top