ദേശീയ പതാക ഉയർത്തി കെട്ടുന്നതിനിടെ വീടിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

ബംഗളൂരു: കർണാടകയിൽ ദേശീയ പതാക ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ദ്യം. ബംഗളൂരുവിലെ ഹെന്നൂര്‍ മേഖലയിലാണ് യുവാവ് മരിച്ചത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ വിശ്വാസ് കുമാറാണ് മരിച്ചത്. മുപ്പത്തി മൂന്ന് വയസ്സായിരുന്നു. ദക്ഷിണ കന്നഡയിലെ സുള്ള്യ സ്വദേശിയാണ് വിശ്വാസ്.

നഗരത്തിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു വിശ്വാസ്. ബംഗളൂരുവിലെ ഹെന്നൂരില്‍ മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് നില കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വിശ്വാസ് തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പിതാവായ നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് വിശ്വാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെട്ടുവെന്ന് ഹെന്നൂര്‍ പൊലീസ് പറഞ്ഞു.

Top