കഞ്ചാവുമായി അടിമാലി സ്വദേശി  അറസ്റ്റില്‍

മൂന്നാര്‍: മൊത്തക്കച്ചവടക്കാരില്‍ നിന്ന് കഞ്ചാവു വാങ്ങി ചില്ലറ വില്‍പ്പന നടത്തുകയായിരുന്ന അടിമാലി സ്വദേശി പോലീസ് പിടിയിലായി. ഇരുപത്തിമൂന്നുകാരനായ ജോബി എന്ന യുവാവാണ് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ വെള്ളത്തൂവല്‍ സ്വദേശി ഷൈബി തോമസില്‍ നിന്നാണ് ജോബി കഞ്ചാവ് വാങ്ങിയിരുന്നതെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.

45,000 രൂപയ്ക്കാണ് ഷൈബി കഞ്ചാവ് വാങ്ങിയിരുന്നത്. ഇത് പല ഇരട്ടി വിലയ്ക്ക് വില്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് എക്‌സൈസ് അറിയിച്ചു. പ്രതിയ്ക്ക് കഞ്ചാവ് വിറ്റ ഷൈബിയ്ക്കാണ് എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ജോബി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീടിന് സമീപമുള്ള തോടിന്റെ കരയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പ്രതി വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

Top