കൊല്ലത്ത് തൊഴിലാളികൾ അമിത കൂലിയാവശ്യപ്പെട്ടന്ന പരാതിയുമായി യുവ സംരഭക

കൊല്ലം : ചുമട്ടുതൊഴിലാളി യൂണിയനുകൾ അമിത തുക ചോദിക്കുന്നുവെന്ന ആരോപണവുമായി അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണി. കൊല്ലം ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് പരാതി. പൊലീസിനേയും ലേബര്‍ ഓഫീസറേയും സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറഞ്ഞു.

കൊല്ലം ആശ്രാമം മൈതാനത്ത് അണ്ടര്‍ വാട്ടർ ടണൽ പ്രദർശനമേള കഴിഞ്ഞശേഷം സാധനങ്ങൾ ലോറിയിൽ കയറ്റുന്നതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചുമട്ടുതൊഴിലാളികൾ എത്തി സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകളിൽ പെട്ട തൊഴിലാളികലായിരുന്നു ഇവർ. എന്നാൽ ലോഡിങ്ങിന് കമ്പനിയുടെ തൊഴിലാളികളുണ്ടെന്നും പണം നൽകാനാകില്ലെന്നുമാണ് ആര്‍ച്ച ഉണ്ണി പറഞ്ഞത്. ഇതോടെ സംഘടനകൾ ഭീഷണിയും ആരംഭിച്ചു.

പ്രദര്‍ശനം തുടങ്ങുമ്പോൾ ചുമട്ടുതൊഴിലാളികളെ കൊണ്ടാണ് സാധനങ്ങൾ ഇറക്കിച്ചതെന്നും ഇവർ അശ്രദ്ധമായി കൈകാര്യം ചെയ്തത് കൊണ്ട് വലിയ നഷ്ടമുണ്ടായെന്നും ആര്‍ച്ച പറയുന്നു. ജൂലൈ പത്തിന് കൊല്ലത്തെ പ്രദര്‍ശനം അവസാനിച്ചതാണ്. എന്നാൽ തൊഴിലാളികളുടെ ഈ നിലപാട് കാരണം പതിനേഴ് ദിവസമായി സ്ഥല വാടക വെറുതേ നൽകേണ്ടി വരികയാണെന്നും ലേബര്‍ ഓഫീസറേയും പൊലീസിനേയും സമീപച്ചെങ്കിലും പ്രശ്നത്തിൽ പരിഹാരം കാണാനായില്ലെന്നും പരാതിക്കാരി പറയുന്നു.

എന്നാൽ അതേസമയം തൊഴിലാളികൾക്ക് അവകാശപ്പെട്ട ജോലിയും കൂലിയും മാത്രമാണ് ചോദിച്ചതെന്നും തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് യൂണിയൻ നേതാക്കൾ പറയുന്നത്.

Top