ഓരോ തുള്ളി കണ്ണീരിനും പകരം ചോദിച്ചു; പുല്‍വാമയ്ക്ക് ഇന്ത്യ തിരിച്ചടിച്ചത്‌ എങ്ങനെ?

ഴിഞ്ഞ വര്‍ഷം ഇതേ ദിനം, സമയം ഉച്ചതിരിഞ്ഞ് 3 മണി. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനം ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ശ്രീനഗര്‍ജമ്മു ഹൈവേയില്‍ സഞ്ചിച്ച സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ഇടിച്ചുകയറ്റി. ഏകദേശം 40 സിആര്‍പിഎഫ് സൈനികര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. പാക് പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് അക്രമത്തിന് നേരിട്ടിറങ്ങിയത്.

2500ഓളം സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച 78 ബസുകളുടെ വ്യൂഹത്തിന് നേര്‍ക്ക് നടന്ന അക്രമണത്തോടെ ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള ബന്ധവും വഷളായി. ഭീരുത്വം നിറഞ്ഞ അക്രമണത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിച്ചു. പാര്‍ട്ടി ഭേദമന്യേ കൃത്യമായ പ്രതികരണം വേണമെന്ന് ആവശ്യം ഉയര്‍ന്നു.

‘നിങ്ങളുടെ അകത്ത് എരിയുന്ന അതേ തീയാണ് എന്റെ ഹൃദയത്തിലും എരിയുന്നത്’, സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതിന് തൊട്ട് മുന്‍പുള്ള ദിവസം ‘ഓരോ തുള്ളി കണ്ണീരിനും പകരം ചോദിക്കുമെന്നും’, ശത്രുക്കള്‍ക്ക് എതിരെ കൃത്യസമയത്ത്, സ്ഥലത്ത്, ശക്തിയില്‍ തിരിച്ചടിക്കാനുള്ള സകല സ്വാതന്ത്ര്യം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്രസഭയ്ക്ക് പുറമെ നിരവധി രാജ്യങ്ങള്‍ പുല്‍വാമ അക്രമത്തെ അപലപിക്കുകയും, തീവ്രവാദത്തിന് എതിരായുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ഏത് കൊള്ളരുതായ്മയെയും പിന്തുണയ്ക്കുന്ന ചൈനയ്ക്ക് പോലും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പുല്‍വാമ ഭീകരാക്രമണത്തെ എതിര്‍ത്ത് നിലപാട് സ്വീകരിക്കേണ്ടി വന്നു.

ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ ഇന്ത്യ വിപുലമാക്കി. മെയ് ഒന്നിന് ആ ശ്രമങ്ങള്‍ വിജയിക്കുകയും ചെയ്തു. ഭീകരാക്രമണം നടന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 26ന് ഇന്ത്യയുടെ വ്യോമസേന യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂഖ്വയിലുള്ള ബാലകോട്ടിലെ ജെയ്‌ഷെ ക്യാംപുകള്‍ ബോംബിട്ട് തകര്‍ത്തു.

‘ഇന്റലിജന്‍സ് വിവരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷനില്‍ ബാലകോട്ടിലെ ജെയ്‌ഷെ ക്യാംപുകള്‍ ഇന്ത്യ തകര്‍ത്തു. ജെയ്‌ഷെ ഭീകരര്‍, പരിശീലകര്‍, സീനിയര്‍ കമ്മാന്‍ഡര്‍മാന്‍, ജിഹാദി സംഘങ്ങള്‍ എന്നിവരെ നശിപ്പിച്ചു. മസൂദ് അസറിന്റെ സഹോദരന്‍ മൗലാന യൂസഫ് അസറാണ് ഈ സംവിധാനം നയിച്ചത്’, വിദേശകാര്യ സെക്രട്ടറി ഒരു ദിവസത്തിന് ശേഷം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 27ന് പാകിസ്ഥാന്‍ ജമ്മു കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ ഇറങ്ങിത്തിരിച്ചെങ്കിലും ഇന്ത്യന്‍ വ്യോമസേന ആ ശ്രമം തകര്‍ത്തു. ഇന്ത്യയുടെ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറത്തിയ മിഗ്21 ബൈസണ്‍ യുദ്ധവിമാനം ഒരു പാക് എഫ്16 വെടിവെച്ചിട്ടു. ഇതിനിടെ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെട്ടിറങ്ങിയ അഭിനന്ദനെ പാകിസ്ഥാന്‍ സൈന്യം പിടികൂടി. അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവില്‍ രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ വിട്ടയച്ച അഭിനന്ദനെ വീരപരിവേഷത്തോടെയാണ് രാജ്യം സ്വീകരിച്ചത്.

Top