തുല്യപ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള പെണ്‍മെമ്മോറിയല്‍ ശനിയാഴ്ച നടക്കും

തിരുവനന്തപുരം: തുല്യപ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള പെണ്‍മെമ്മോറിയല്‍ ശനിയാഴ്ച നടക്കും. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 33 ശതമാനം വനിതകളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന ഒപ്പുശേഖരണത്തെ തുടര്‍ന്നാണ് പെണ്‍മെമ്മോറിയല്‍ നടക്കുന്നത്. ശേഖരിച്ച ഒപ്പുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൈമാറും. കെ അജിതയുടെ നേതൃത്വത്തിലാണ് പരിപാടി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പൊതുസമ്മേളനം സാറാ ജോസഫ് ഉദ്ഘാടം ചെയ്യും.

രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് പെണ്‍മെമ്മോറിയലില്‍ ഒപ്പുവെച്ചിരിക്കുന്നത്. സീതാറാം യെച്ചൂരി, ആനി രാജ, ബിനോയ് വിശ്വം, കെ ആര്‍ മീര, മല്ലികാ സാരാഭായ്, സച്ചിതാനന്ദന്‍, എം എന്‍ കാരശ്ശേരി, റിമ കല്ലിങ്കല്‍, പ്രയാഗ മാര്‍ട്ടിന്‍, മധുപാല്‍ തുടങ്ങിയവര്‍ പെണ്‍മെമ്മോറിയലില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് തുല്യപ്രാതിനിധ്യ പ്രസ്ഥാനം ആവശ്യപ്പെട്ടു. കേരള നിയമസഭയില്‍ സ്ത്രീപ്രാതിനിധ്യം 8.5 ശതമാനവും ലോക്സഭയില്‍ അഞ്ച് ശതമാനവുമാണ്. പിന്നാക്കമെന്ന് കരുതുന്ന മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭകളിലും ലോക്സഭ, രാജ്യസഭ എന്നിവയിലേക്കുമുള്ള സ്ത്രീപ്രാതിനിധ്യം കേരളത്തിലില്ലെന്നും തുല്യപ്രാതിനിത്യപ്രസ്ഥാനം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

Top