ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി

ചൈന: ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. ചൈനയിലാണ് സംഭവം, പൊലീസ് പിടിയിലായ യുവതിക്ക് കോടതി മൂന്നര വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. സ്വയരക്ഷയ്ക്കായി ഭര്‍ത്താവിനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണ് എന്ന യുവതിയുടെ വാദം പരിഗണിച്ചാണ് കോടതി തടവ് ശിക്ഷ മൂന്നര വര്‍ഷമായി കുറച്ചത്.

കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ നിന്നുള്ള ഷാങ് യിംഗ് എന്ന യുവതിയാണ് പിടിയിലായതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2022 മാര്‍ച്ച് 4 ന് ഇവരുടെ ഭര്‍ത്താവ് ഷാങ് ബിന്‍ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ദമ്പതികള്‍ വിവാഹിതരായിട്ട് 24 വര്‍ഷമായെങ്കിലും കുറച്ചുകാലമായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. പിണക്കത്തിന്റെ പേരില്‍ ഷാങ് യിംഗ് ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ചു. ഭാര്യ തന്നെ അനുസരിക്കുന്നില്ലെന്നത് ഷാങ് ബിന്നിനെ കോപാകുലനാക്കി. പിന്നാലെ അയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു.

പക്ഷേ, ഭര്‍ത്താവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. സ്വയം സംരക്ഷിക്കായി ഷാങ് യിംഗും തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള കായിക സംഘര്‍ഷത്തിനിടെ യുവതി തന്റെ കൈമുട്ട് ഉപയോഗിച്ച് ഷാങ് ബിന്നിന്റെ കഴുത്തിലും തലയിലും ശക്തിയായി ഇടിച്ചതിന് ശേഷം മുറിയില്‍ നിന്നും ഓടി രക്ഷപെട്ടു. കഴുത്തിലും തലയിലും കൈമുട്ട് വച്ച് ഏറ്റ ഇടിയുടെ ആഘാതത്തില്‍ മുറിക്കുള്ളില്‍ തന്നെ ഷാങ് ബിന്‍ മരിച്ച് വീണു. എന്നാല്‍ ഇക്കാര്യം ഷാങ് യിംഗ് അറിഞ്ഞിരുന്നില്ല. ഷാങ് ബിന്നിന്റെ സഹോദരി അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയപ്പോഴാണ് സഹോദരനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തില്‍, അന്ന് രാത്രി താന്‍ വീട്ടിലില്ലായിരുന്നുവെന്ന് ഷാങ് യിംഗ് പറഞ്ഞു. മാത്രമല്ല ഷാങ് ബിന്നിന്റെ ശരീരം പോസ്റ്റ്മാര്‍ട്ടം നടത്താനുള്ള അയാളുടെ കുടുംബത്തിന്റെ നീക്കത്തെ അവര്‍ എതിര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടത്തോടുള്ള ഷാങ് യിംഗിന്റെ എതിര്‍പ്പ് പോലീസില്‍ സംശയം ജനിപ്പിച്ചു. ഇതേ തുടര്‍ന്ന് അവരെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മില്‍ തലേദിവസം കൈയാങ്കളി ഉണ്ടായ കാര്യം പോലീസ് അറിഞ്ഞത്. ഭര്‍ത്താവിന്റെ കഴുത്തില്‍ ഏതാനും മിനിറ്റുകള്‍ താന്‍ അമര്‍ത്തിപ്പിടിച്ചതായി അവര്‍ പൊലീസിനോട് സമ്മതിച്ചു. പിന്നാലെ ഷാങ് ബിന്നിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിയാണ് മരണ കാരണം എന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് ഷാങ് യിംഗിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top