മധ്യപ്രദേശിൽ മുൻ കാമുകന്റെ ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി യുവതി

ഗ്വാളിയോര്‍: മുന്‍ കാമുകന്റെ ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിക്കെതിരെ കേസ്. 34കാരിയായ യുവതിക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് വെള്ളിയാഴ്ച കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടാവുന്നത്. മുന്‍ കാമുകനുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞിരുന്ന സമയത്ത് ഇയാള്‍ ബലാത്സംഗം ചെയ്തതിലെ പ്രതികാരമായാണ് ആക്രമണമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.

ഗ്വാളിയോറിലെ ജനക്ഗഞ്ച് മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സംഭവത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

36 കാരനായ ഇയാളുമായി 2018 മുതല്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നെന്നും. ഇക്കാലയളവില്‍ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് 34കാരി ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്.

Top