മതില്‍, 70 ലക്ഷം ജനം, യമുനയില്‍ 14000 ലിറ്റര്‍ ജലം; ട്രംപിനെ തൃപ്തിപ്പെടുത്താന്‍ ഇതൊക്കെ!

ടുത്ത ആഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ തന്റെ ആദ്യ സന്ദര്‍ശനത്തിന് എത്തുന്നത്. രണ്ടാംവട്ടം പ്രസിഡന്റ് പോരാട്ടത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന ട്രംപിന് ഇന്ത്യാ സന്ദര്‍ശനം തന്റെ സ്വീകാര്യത ലോകത്തെ അറിയിക്കാനുള്ള വേദി കൂടിയാണ്. ‘ലക്ഷങ്ങളുടെ’ കണക്ക് ട്രംപ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതും ഇതിന്റെ ഭാഗം തന്നെ.

2019 സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ 50,000 പേരാണ് സദസ്സിലുണ്ടായിരുന്നത്. വമ്പന്‍ ജനക്കൂട്ടം കണ്ട് അന്ന് ട്രംപ് അമ്പരന്നിരുന്നു. എന്തായാലും അമേരിക്കന്‍ പ്രസിഡന്റിന്റെ ആ മോഹം സഫലമാക്കാന്‍ അരയും തലയും മുറുക്കിയാണ് നരേന്ദ്ര മോദിയുടെ സ്വദേശമായ ഗുജറാത്തില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്.

സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ നിന്നും അഹമ്മദാബാദിലെ മൊട്ടേറാ സ്‌റ്റേഡിയത്തിലേക്കുള്ള വഴിയിലെ ചേരികള്‍ മതില്‍കെട്ടി മറച്ചത് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതുകൂടാതെ ചുമരുകള്‍ ജില്ലാ ഭരണകൂടം പെയിന്റ് ചെയ്ത് ഭംഗിയാക്കി വരികയാണ്. അഹമ്മദാബാദ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളും തലവേദനയാണ്. ഇവയെ ട്രംപ് കാണാതെ മാറ്റാന്‍ മുനിസിപ്പാലിറ്റി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

യുപിയിലെ ആഗ്രയാണ് ട്രംപിന്റെ മറ്റൊരു സ്റ്റോപ്പ്. താജ് മഹലിന്റെ ഭംഗു ആസ്വദിക്കുമ്പോള്‍ മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ യമുനാ നദിയിലേക്ക് 14000ഓളം ലിറ്റര്‍ ജലം ഒഴുക്കി ഇത് വൃത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

Top