പശു അമ്മ മാത്രമല്ല സർ . . ദൈവവുമാണ് , ആരാധനാലയം വേണമെന്ന് ആർഎസ്എസ്

ഹരിദ്വാര്‍: പശു സംഘപരിവാറുകാര്‍ക്ക് അമ്മ മാത്രമല്ല ദൈവം കൂടിയാണ്.

പശുവിന് തിരിച്ചറിയല്‍ കാര്‍ഡും ആംബുലന്‍സുമടക്കമുളള സൗകര്യങ്ങള്‍ നല്‍കിയിട്ടും ആര്‍എസ്എസിന്റെ പശുസ്‌നേഹം ആവോളം തുടരുകതന്നെയാണ്

പശുക്കള്‍ക്കായി ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടന കേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍.

ഹരിദ്വാര്‍ ജില്ലയിലെ കടര്‍പ്പൂര്‍ ഗ്രാമത്തിലെ ആര്‍എസ്എസ് നേതാക്കള്‍ ഇത്തരമൊരാവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുമായി കൂടിക്കാഴ്ച നടത്തി.

1918 കാലത്ത് പശുവിനെ കൊല്ലാനുള്ള ശ്രമം തടയുന്നതിനിടെ ഈ പ്രദേശത്ത് നിരവധി ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരാലും, മുസ്ലീങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആര്‍എസ്എസ് നേതാവായ ദിനേശ് സേംവാല്‍ തീര്‍ത്ഥാടന കേന്ദ്രം ഈ ഗ്രാമത്തില്‍ തന്നെ നിര്‍മിക്കണമെന്നുള്ളതിന് കാരണമായി പറയുന്നത്.

ഈ സംഘര്‍ഷത്തില്‍ നാലോളം ഹിന്ദുക്കളെ തൂക്കികൊല്ലുകയും, 135 ഓളം പേരെ ജയിലിലാക്കുകയും ചെയ്തിട്ടുണ്ടെന്നും സേംവാള്‍ പറയുന്നു.

നിലവില്‍ കടര്‍പ്പൂര്‍ ഗ്രാമത്തില്‍ പശു സംരക്ഷണത്തിനായി ഗോ രക്ഷക് സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. അവിടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഗോ സംരക്ഷകര്‍ക്കായുള്ള പ്രാര്‍ത്ഥനകളും മറ്റും നടക്കുന്നുണ്ട്.

പശുക്ഷേത്രകാര്യത്തില്‍ ആര്‍എസ്എസിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ എന്ന് ബിജെപി എംഎല്‍എ യതീസ്വരാനന്ദ് അഭിപ്രായപ്പെട്ടതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top