കോണ്‍ഗ്രസും ബി.ജെ.പിയും കേരളത്തില്‍ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസം: എ. വിജയരാഘവന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ പേരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും കേരളത്തില്‍ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്ന് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് എ. വിജയരാഘവന്‍. കേരളത്തില്‍ സി.പി.എം ഭരിക്കുമ്പോള്‍ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ വികസനത്തിന് എതിരാണ് എന്ന സന്ദേശം ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. രാജ്യത്ത് ഒരു സര്‍ക്കാരും നല്‍കാത്ത മികച്ച പുനരധിവാസ പാക്കേജാണ് സില്‍വര്‍ ലൈനില്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ ലൈനിന്റെ അതിരടയാള കല്ലിടല്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് കെ റെയില്‍ എംഡി വി അജിത്കുമാര്‍ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടല്‍ നിര്‍ത്തിവച്ചതായി കരാര്‍ ഏറ്റെടുത്ത ഏജന്‍സി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സര്‍ക്കാരിന്റെയോ ഏജന്‍സിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സില്‍വര്‍ലൈന്‍ സര്‍വേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top