കോണ്‍ഗ്രസില്‍ തകര്‍ച്ചയുടെ വേഗത വര്‍ദ്ധിക്കുകയാണെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ദ്ധിക്കുകയാണെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ഇടത്പക്ഷത്തോടൊപ്പം വരുന്ന നേതാക്കളെ സിപിഐ(എം) അര്‍ഹമായ നിലയില്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാടാണ് അവരെ ഇവിടെയ്ക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്. കേരളത്തില്‍ മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാന്‍ വര്‍ഗീയ സ്വഭാവമുള്ളവര്‍ നീക്കം നടത്തുന്നുണ്ട്. സര്‍ക്കാര്‍ നിലപാട് കാരണം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും പ്രധാനപ്പെട്ട മൂന്ന് കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ രാജിവച്ചു. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കുന്നു എന്നതാണ് കാണിക്കുന്നത്. കേരളത്തില്‍ മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാന്‍ വര്‍ഗീയ സ്വഭാവമുള്ളവര്‍ നീക്കം നടത്തുന്നു. സമാധാന അന്തരീക്ഷം ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. ബിഷപ്പിന്റെ പ്രസ്താവന ദുരുദേശത്തോടെയുള്ളതാകില്ലെന്നും പ്രസ്താവനയെ പല രീതിയില്‍ ചിലര്‍ വ്യാഖ്യാനിച്ചതായും വിജയരാഘവന്‍ പറഞ്ഞു.

ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന പ്രചരണം ഒരു മതത്തിലേക്ക് ചുമത്താന്‍ സിപിഐ(എം) തയ്യാറല്ല. സിപിഐ(എം)ന് ബിജെപിയുടെ വര്‍ഗീയ നിലപാട് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. വര്‍ഗീയതയോട് സന്ധി ചേരുന്ന നിലപാട് സിപിഐ(എം) സ്വീകരിക്കില്ല. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ പ്രതിരോധിക്കുന്ന നിലപാടാണ് സിപിഐ(എം)ന്റേതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Top