കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയിലാണെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള അംഗീകാരമാണ് കൂടുതല്‍ നേതാക്കളെത്തുന്നതിന് കാരണമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പിറകിലുള്ള നല്ല ആളുകള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരും. ഇടതുപക്ഷത്തിന്റെ നയങ്ങളുടെ ഭാഗമായിട്ടാണ് അവരെത്തുന്നത്. ബിജെപിയെ പോലെയല്ല, നയപരമായിരുന്നില്ല അവരുടെ നീക്കം. മറ്റു സ്വാധീനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആളെ ക്ഷണിക്കാന്‍ ബിജെപി ഉപയോഗിച്ചതെന്നും വിജയരാഘവന്‍ ചൂണ്ടിക്കാണിച്ചു.

അനില്‍ കുമാറിന് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാതൊരു ഉപാധികളുമില്ലാതെയാണ് സിപിഐഎമ്മിലെത്തിയതെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

അതേസമയം ഈരാട്ടുപേട്ടയില്‍ സിപിഐഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയെന്ന് വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇടതുപക്ഷത്തിന് ഒരു പ്രഖ്യാപിത നിലപാടുണ്ട്. വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്ന് അധികാരം പിടിച്ചെടുക്കുന്ന രീതി സിപിഐഎമ്മിനില്ല. ഈരാട്ടുപേട്ടയില്‍ അങ്ങനെ തന്നെയാണ്. അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചത് സിപിഐഎം ഐക്യമുണ്ടാക്കലല്ല. അത് രണ്ടും രണ്ട് കാര്യങ്ങളാണെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

Top