കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സുധാകരനേയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസിയ്ക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘവന്‍. കൊലപാതകങ്ങള്‍ക്ക് ശേഷവും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിയ്ക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സുധാകരനേയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തും. എഐസിസിയും കെപിസിസിയുമൊന്നും ചോദ്യം ചെയ്തില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഉചിതമായ ശിക്ഷ നല്‍കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സുധാകരനേയും കോണ്‍ഗ്രസിനെയും ജനം ഒറ്റപ്പെടുത്തും. അധഃപതിച്ച മാനസിക വികാരമുള്ളവരുടെ കൈയിലാണ് കെപിസിസി നേതൃത്വം. കോളേജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. കൊലപാതകത്തെ ഇങ്ങനെ ന്യായീകരിച്ച സംഭവം മുമ്പുണ്ടായിട്ടില്ല. സിപിഐഎം കൊലപാതകങ്ങളെ ന്യായീകരിക്കാറില്ല. സുധാകരനെ തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നതും തകര്‍ച്ചയുടെ ഉദാഹരണമാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

ദേശീയ പ്രസ്ഥാനത്തിന്റെ അടിത്തറയുള്ള കോണ്‍ഗ്രസിന് എങ്ങനെ തകരാമെന്നതിന്റെ ഉദാഹരണമാണ് കെപിസിസി പ്രസിഡന്റിന്റെ ചെയ്തികള്‍. സംസ്‌കാരത്തിന്റെ തകര്‍ച്ചയുടെ ആഴമാണിത് കാണിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടും. ഇടതുപക്ഷമുണ്ടാക്കുന്ന വലിയ മുന്നേറ്റമാണ് സുധാകരനെപ്പോലുള്ളവരെ പരിഭ്രാന്തരാക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

Top