വിജയരാഘവന്റെ തന്ത്രങ്ങൾ മലപ്പുറത്ത് വലിയ പരാജയമായി, അണികൾക്ക് രോഷം

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്നു. രമ്യ ഹരിദാസിനെതിരായ പരാമര്‍ശം അല്ല വിമര്‍ശനത്തിന് പ്രധാന കാരണം. മലപ്പുറത്തെ ഇടപെടലുകളാണ്.

വി.എസുമായി ആത്മബന്ധമുള്ള മങ്കടയിലെ ഇടതുസ്വതന്ത്രനായ മഞ്ഞളാംകുഴി അലി എം.എല്‍.എ പുറത്തു പോകാന്‍ കാരണം വിജയരാഘവന്റെ നേതൃത്വത്തിലുള്ള നീക്കങ്ങളായിരുന്നു. 2010ല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച അലി ലീഗില്‍ ചേര്‍ന്ന് 2011ല്‍ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ പെരിന്തല്‍മണ്ണയില്‍ വി. ശശികുമാറിനെ പരാജയപ്പെടുത്തി മന്ത്രിയുമായി. അലിയുടെ മണ്ഡലമായ മങ്കടയില്‍ ലീഗിലെ അഹമ്മദ്കബീറും വിജയിച്ചു. കേവലം നാല് എം.എല്‍.എമാരുടെ മാത്രം ഭൂരിപക്ഷത്തിലാണ് 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരുണ്ടായത്. അലി ഇടതുപക്ഷത്തായിരുന്നെങ്കില്‍ പെരിന്തല്‍മണ്ണയും മങ്കടയിലും സി.പി.എമ്മിനു വിജയിക്കാമായിരുന്നു. ഇടതുപക്ഷത്തു നിന്നും യു.ഡി.എഫിലേക്ക് ചേക്കേറിയ രണ്ടുവീതം സീറ്റുകളുണ്ടായിരുന്ന ആര്‍.എസ്.പിയും സോഷ്യലിസ്റ്റ് ജനതയും പിന്തുണച്ചിരുന്നെങ്കില്‍ വി.എസിന് സര്‍ക്കാരുണ്ടാക്കാനും കഴിയുമായിരുന്നു. ഈ അവസരമാണ് വിജയരാഘവന്‍ തുലച്ചത്.

പാലോളി മുഹമ്മദ്കുട്ടിയും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന കെ. സെയ്താലിക്കുട്ടി അടക്കമുള്ള നേതാക്കളാണ് 2004ല്‍ ലീഗ് കോട്ടയായ മഞ്ചേരി മണ്ഡലത്തില്‍ ടി.കെ ഹംസയെ അരിവാള്‍ചുറ്റിക നക്ഷത്രത്തില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ചത്. അന്ന് മലപ്പുറത്തിനു പകരം മഞ്ചേരിയും പൊന്നാനിയുമായിരുന്നു മലപ്പുറം ജില്ലയിലെ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങള്‍. മലപ്പുറത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് മഞ്ചേരിയില്‍ സി.പി.എം വിജയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ലീഗ് കോട്ടയായ മങ്കടയില്‍ മുസ്ലിം ലീഗിന്റെ ചീഫ് വിപ്പായിരുന്ന കെ.പി.എ മജീദിനെ പരാജയപ്പെടുത്തി മഞ്ഞളാംകുഴി അലി വിജയിക്കുന്നത്.

cpm

2006ല്‍ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ്ബഷീര്‍, നാലകത്ത് സൂപ്പി എന്നീ നാലു മുന്‍ മന്ത്രിമാരെയാണ് ലീഗ് കോട്ടയില്‍ സി.പി.എം പരാജയപ്പെടുത്തിയത്. കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീലിനെ ഇടതു സ്വതന്ത്രനാക്കി അട്ടിമറി വിജയം നേടി. മങ്കട പിടിക്കാനായി ഇറക്കിയ എം.കെ മുനീര്‍ മഞ്ഞളാംകുഴി അലിയോട് പരാജയപ്പെട്ടു. തിരൂരില്‍ ഇ.ടി മുഹമ്മദ്ബഷീര്‍ പരാജയപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയെ അട്ടിമറിച്ച് വി. ശശികുമാറും വിജയിച്ചു.

ലീഗിന്റെ പണാധിപത്യത്തിനെതിരെ സി.പി.എം നടത്തിയ പോരാട്ടമായിരുന്നു അന്ന് വിജയം കണ്ടത്. പ്രഗല്‍ഭനായ പാര്‍ലമെന്റേറിയന്‍ ജി.എം ബനാത്ത് വാലയെ മാറ്റി മുസ്ലിം ലീഗ് വ്യവസായിയായ പി.വി അബ്ദുല്‍വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയതോടെ ലീഗില്‍ വലിയ അസംതൃപ്തിയുണ്ടായിരുന്നു. പാവപ്പെട്ട പ്രവര്‍ത്തകരെ മറന്ന് ലീഗ് പണാധിപത്യത്തിന് കീഴടങ്ങി എന്ന ഇടതുപ്രചരമാണ് വിജയം കണ്ടത്.

പാലോളി യുഗത്തിനു ശേഷം എ. വിജയരാഘവന്‍ മലപ്പുറത്തിന്റെ പാര്‍ട്ടി ചുമതലയേറ്റതോടെ സി.പി.എം ലീഗിന്റെ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. പണവും സ്വാധീനവുമുള്ളവരെ മറ്റുപാര്‍ട്ടികളില്‍ നിന്നും കണ്ടെത്തി അവരെ സ്ഥാനാര്‍ത്ഥിയാക്കുക എന്ന തന്ത്രം പയറ്റിയത് വിജയരാഘവനാണ്. ആദര്‍ശമോ, കഴിവോ പ്രാപ്തിയോ ഒന്നും പരിഗണിക്കാതെ സാമ്പത്തികം നോക്കിമാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ കോണ്‍ഗ്രസുകാരായ പി.വി അന്‍വറിനെ നിലമ്പൂരിലും വി. അബ്ദുറഹിമാനെ താനൂരിലും, നിയാസ് പുളിക്കലകത്തിനെ തിരൂരങ്ങാടിയിലും ഗഫൂര്‍ പി ലില്ലീസിനെ തിരൂരിലും മത്സരിപ്പിച്ചു. ആര്യാടന്റെ കോട്ടയായ നിലമ്പൂരില്‍ പി.വി അന്‍വറും ലീഗ് കോട്ടയായ താനൂരില്‍ വി. അബ്ദുറഹിമാനും വിജയിച്ചു. തവനൂര്‍ കെ.ടി ജലീല്‍ നിലനിര്‍ത്തി. തിരൂരിലും തിരൂരങ്ങാടിയിലും സമ്പന്നരായ സ്വതന്ത്രന്‍മാര്‍ ശക്തമായ മത്സരം തന്നെ കാഴ്ചവെച്ചു. നിലമ്പൂരും താനൂരും പിടിച്ചതോടെയാണ് മലപ്പുറത്ത് വിജയരാഘവന്റെ വാക്ക് സി.പി.എമ്മിന്റെ അവസാന വാക്കായി മാറിയത്. കേന്ദ്ര കമ്മിറ്റി അംഗമായ വിജയരാഘവന്‍ ജില്ലാ കമ്മിറ്റിയെപ്പോലും നിയന്ത്രിക്കുന്ന ശക്തിയായി മാറി.

ഏറനാട്ടിലും വയനാട്ടിലും ഇടതുപക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറിനെ നിലമ്പൂരില്‍ ഇടതുസ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പാര്‍ട്ടിയില്‍ കലാപമുണ്ടായിരുന്നു. എടക്കര ഏരിയാ കമ്മിറ്റിക്കു കീഴില്‍ അന്‍വറിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ വരെ നടന്നു. എന്നാല്‍ അതിനെയെല്ലാം സംഘടനാശേഷികൊണ്ട് അടിച്ചമര്‍ത്തുകയായിരുന്നു.

നിലമ്പൂര്‍ എം.എല്‍.എയായശേഷം പി.വി അന്‍വര്‍ അരക്കോടിയുടെ ക്രഷര്‍ തട്ടിപ്പില്‍ പ്രതിയായി. അനധികൃത തടയണയും നിയമം ലംഘിച്ച് വാട്ടര്‍തീം പാര്‍ക്കും പണിത് വിവാദത്തിലകപ്പെട്ടു. വിവാദക്കുരുക്കിനിടയിലും പൊന്നാനിയില്‍ പി.വി അന്‍വറിനെയാണ് വിജയരാഘവന്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയത്. വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തി അന്‍വറിന് പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ജില്ലാ നേതൃത്വത്തോടാവശ്യപ്പെട്ടു. എന്നാല്‍ വിജയസാധ്യത അന്‍വറിനാണെന്നും പറഞ്ഞ് വീണ്ടും അന്‍വറിനെ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. അന്‍വറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ പ്രചരണ നേതൃത്വത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനായിരുന്നു. പ്രചരണത്തിനായി രണ്ടു തവണ മുഖ്യമന്ത്രി പിണറായി വിജയനെയും പൊന്നാനിയിലെത്തിച്ചു.

എന്നാല്‍ ഫലം വന്നപ്പോള്‍ പൊന്നാനിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായി രണ്ടുലക്ഷത്തോളം വോട്ടുകള്‍ക്കാണ് അന്‍വര്‍ പരാജയപ്പെട്ടത്. ഇടതുപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളായ താനൂര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ലീഗും നിലമ്പൂരില്‍ കോണ്‍ഗ്രസും മൃഗീയ ഭൂരിപക്ഷം നേടി. മലപ്പുറത്തെ 16 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യം നിലനിര്‍ത്തി. പരമ്പരാഗതമായി ഇടതു മുന്നണിക്ക്
ലഭിച്ചിരുന്ന വോട്ടുകള്‍ പോലും ഇത്തവണ ലീഗിലേക്കൊഴുകി. മലപ്പുറം ചുവപ്പിച്ചു കൊണ്ട് പാലോളിയും സെയ്താലിക്കുട്ടിയും നേടിത്തന്ന മുന്നേറ്റമാണ് വിജയരാഘവന്റെ പാളിപ്പോയ നീക്കത്തിലൂടെ തിരിച്ചടിയായി മാറിയത്. ഇതോടൊപ്പം വിജയരാഘവന് സംഘടനാചുമതലയുണ്ടായിരുന്ന സി.പി.എമ്മിന്റെ ഉറച്ചകോട്ടയായ പാലക്കാട്ടും സി.പി.എം തകര്‍ന്നടിഞ്ഞു.

പാലക്കാടും ആലത്തൂരിലും സി.പി.എം തോല്‍വിക്കും വിജയരാഘവന്റെ സംഭാവകളുണ്ട്. ആലത്തൂര്‍ മണ്ഡലത്തില്‍ മുന്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടായിരുന്നു പാലക്കാട് ജില്ലാ കമ്മിറ്റി. ജില്ലാ കമ്മിറ്റി തീരുമാനം അട്ടിമറിച്ച് പി.കെ ബിജുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വിജയരാഘവന്റെ കൂടി കടുംപിടുത്തത്തിലായിരുന്നു. ഇതാണ് തിരിച്ചടിക്ക് കാരണമായത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഢനപരാതിയില്‍ പി.കെ ശശി എം.എല്‍.എയെ സംരക്ഷിച്ചതും തിരിച്ചടിയായി.

പാലക്കാട്ടെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് എം.ബി രാജേഷ് ആവശ്യപ്പെട്ടതും പാലക്കാടിന്റെ ചുമതലയുണ്ടായിരുന്ന വിജയരാഘവന് തിരിച്ചടിയാകും. എന്ത് അട്ടിമറിയുണ്ടായാലും പാലക്കാടും ആലത്തൂരും ഒപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലാണ് ഇപ്പോള്‍ പാളിപ്പോയത്. മലപ്പുറത്തും പാലക്കാട്ടും പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ തന്നെ വിശദീകരണം നല്‍കേണ്ടിവരും.

Top