ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം: വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ല: എ.വിജയരാഘവൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് എ വിജയരാഘവൻ. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ആയതൊക്കെ ഗോവിന്ദൻ മാഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ്. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചർച്ചയായി. പാർട്ടി പ്രവർത്തിക്കുന്നത് നമ്മൾ എല്ലാവരും ജീവിക്കുന്ന സമൂഹത്തിലാണ്. സമൂഹത്തിൽ പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുമ്പോൾ അതാത് സമയത്ത് പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് പാർട്ടി നിർദേശം നൽകും. സമൂഹത്തിലുള്ള ജീർണതകൾ പാർട്ടിയിലേക്ക് വരാതിരിക്കാനുള്ള ജാഗ്രത വേണം. ചില ഘട്ടങ്ങളിൽ അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ പ്രതികരണവുമായി സി.പി.ഐ.എം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി രംഗത്തെത്തി. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതിരുന്നതിനാൽ വിഷയത്തെ കുറിച്ച് അറിയില്ല. ചില ആളുകൾ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അറിവുള്ളത്. നിലവിലെ വിവാദത്തിൽ കഴമ്പുള്ളതായി തോന്നുന്നില്ലെന്നും വാർത്ത നൽകിയ മാധ്യമങ്ങൾ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എ ബേബി ആലപ്പുഴയിൽ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ ആയൂർവേദ റിസോർട്ടിന്റെ പേരിലാണ് പി.ജയരാജൻ രണ്ടു ദിവസം മുമ്പ് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഉടമകളായ കമ്പനി റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി ജയരാജൻ ആരോപിച്ചു. പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴാണ് പി.ജയരാജൻ ആരോപണം ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായി മുതിർന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് സമീപകാലത്ത് ആദ്യമാണ്.

Top