യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയില്‍

കണ്ണൂർ: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. യെച്ചൂരിയെ പാർട്ടി ജനറൽ സെക്രട്ടറിയായി പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി പദവിയിൽ യെച്ചൂരിക്ക് മൂന്നാം ടേമാണ്. 2015 ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്.

എൽഡിഎഫ് കൺവീനറായ എ വിജയരാഘവൻ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രക്കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള സീനിയർ അംഗമാണ് വിജയരാഘവൻ. സിപിഎമ്മിന്റെ 58 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് സമുദായാംഗം പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പിബിയിൽ ഇടംപിടിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോമിനെ ആണ് പിബിയിൽ ഉൾപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ അശോക് ധാവഌും പിബിയിൽ ഇടംനേടി. കിസാൻസഭ ദേശീയ പ്രസിഡന്റാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ ധാവ്‌ളെ. പോളിറ്റ് ബ്യൂറോ അംഗസംഖ്യ വർധിപ്പിക്കേണ്ടെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.

കേന്ദ്രക്കമ്മിറ്റിയിൽ കേരളത്തിൽ നിന്നും നാലുപേർ ഇടംനേടി. പി സതീദേവി, സിഎസ് സുജാത, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവരാണ് കേരളത്തിൽ നിന്നും കേന്ദ്രക്കമ്മിറ്റിയിലെത്തിയത്. കേന്ദ്രക്കമ്മിറ്റിയിൽ നിന്നും കേരളത്തിൽ നിന്നുള്ള മൂന്നുപേർ ഒഴിവായി. എംസി ജോസഫൈൻ, വൈക്കം വിശ്വൻ, പി കരുണാകരൻ എന്നിവരാണ് ഒഴിവായത്.

Top