സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് എ വിജയരാഘവന്‍

തൃശ്ശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഗൂഡാലോചനയാണ് നടക്കുന്നത്. പ്രതിയ്ക്ക് ബിജെപിയില്‍ അംഗത്വം നല്‍കിയത് സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അക്രമമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. വ്യക്തി വിരോധം കാരണമുള്ള കൊലപാതകമെന്നത് ബിജെപിയുടെ സ്ഥിരം ന്യായീകരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. കേസില്‍ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ദില്ലി പൊലീസില്‍ നിന്ന് വിരമിച്ചയാളാണ്. മണ്‍റോത്തുരുത്ത് മയൂഖം ഹോം സ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസില്‍ (ഓലോത്തില്‍) മണിലാല്‍ (50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് കൊലപാതകം നടന്നത്.

അശോകനും മണിലാലും പരിചയക്കാരും നാട്ടുകാരുമാണ്. തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചതിനു പിന്നാലെ കാനറാബാങ്ക് കവലയില്‍ നാട്ടുകാര്‍ രാഷ്ട്രീയ ചര്‍ച്ചനടത്തുകയായിരുന്നു. ഇതിനിടെ മദ്യലഹരിയില്‍ അശോകന്‍ അസഭ്യവര്‍ഷം നടത്തി. ഇതോടെ അശോകനോട് മണിലാല്‍ കയര്‍ത്തു. ഇരുവരും തമ്മില്‍ സംസാരത്തിനിടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അശോകന്‍ മണിലാലിനെ കുത്തുകയായിരുന്നു.

Top