ജനങ്ങളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: പ്രതിസന്ധി കാലത്തും കേരളത്തിന്റെ സമഗ്ര പുരോഗതിയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും അസാധാരണമാംവിധം ഊന്നല്‍ നല്‍കുന്നതാണ് ആറാമത്തെ ബജറ്റെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍.

ഭാവികേരളത്തിന്റെ വികസന രൂപരേഖയാണിത്. ഒട്ടേറെ വെല്ലുവിളികളെ നേരിടുമ്പോഴും ജനകീയ പ്രതിബദ്ധതയോടെ എപ്രകാരം പ്രവര്‍ത്തിക്കാമെന്നതിന് മാതൃകയാണ് ഈ സര്‍ക്കാര്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസവും, ആത്മവിശ്വാസവും പകരുന്ന സര്‍വ്വതല സ്പര്‍ശിയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. വയോജനങ്ങള്‍, വനിതകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയ ബജറ്റ് കൂടിയാണിതെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നാടിനെ മുന്നോട്ടു നയിക്കുന്നത്. മഹാപ്രളയത്തില്‍ മുങ്ങിയ നാടിനെ അതുപോലെ പുനഃസൃഷ്ടിക്കാനല്ല പകരം, നവകേരള സൃഷ്ടിക്കാണ് ക്രിയാത്മകമായ നടപടി സ്വീകരിച്ചത്. കോവിഡിന്റെ ആഘാതത്തില്‍ ലോകമാകെ പകച്ചുനില്‍ക്കുമ്പോള്‍ ഭാവിയിലേക്ക് പ്രതിസന്ധികളെ അവസരമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തിന് അടിത്തറയൊരുക്കുകയാണ് ഈ ബജറ്റ്.

ജി.എസ്.ടി വിഹിതം ഉള്‍പ്പെടെ അര്‍ഹമായ ആനൂകൂല്യങ്ങള്‍ നിഷേധിക്കുകയും സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരാണ് നിലവിലുള്ളത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് കേരളം അതിജീവനത്തിന്റെ പുതിയ ബദല്‍ സൃഷ്ടിക്കുന്നതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Top