ഇടതുപക്ഷത്തെ തളര്‍ത്തുക എന്ന ലക്ഷ്യം വിലപ്പോകില്ലെന്ന് എ വിജയരാഘവന്‍

പാലക്കാട്: വിവാദങ്ങള്‍ ഉണ്ടാക്കി ഇടതുപക്ഷത്തെ തളര്‍ത്തുക എന്ന ലക്ഷ്യം വിലപ്പോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ധാരണാപത്രം റദ്ദാക്കിയത് സര്‍ക്കാരിന്റെ സത്യസന്ധതയാണ് കാണിക്കുന്നത്. സര്‍ക്കാരിന് ഒളിക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് ഒരു നിലപാട് ഉണ്ട്, അതില്‍ മാറ്റമൊന്നുമില്ല. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത ആണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. പി എസ് സി സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആര്‍ക്കും സമരം ചെയ്യാം എന്നായിരുന്നു എ വിജയരാഘവന്റെ മറുപടി. നിയമപരമായി പരിഹാരം കാണാന്‍ പറ്റാത്ത ആവശ്യം അല്ല. അധികാര പരിധിയില്‍ ഉള്ള കാര്യങ്ങളുടെ പുറത്ത് ആണ് ഡിമാന്‍ഡ് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണകളില്‍ നിന്ന് കോണ്‍ഗ്രസ്സ് മാറി നില്‍ക്കണം എന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുമോ എന്ന് എ വിജയരാഘവന്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം ബിജെപിയിലേക്ക് പോകാനുള്ള ആളുകളുടെ കൂട്ടം ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

Top