വളരെയധികം ബുദ്ധിമുട്ടനുഭവപ്പെട്ട വര്‍ഷം ; നാഗചൈതന്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് സാമന്ത

തെലുങ്ക് സിനിമാലോകത്ത് ചൂടു പിടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു നാഗചൈതന്യയുടേയും സാമന്തയുടേയും വിവാഹ മോചനം. 2021-ല്‍ വിവാഹമോചിതരായതിനുശേഷം കരിയറുമായി മുന്നോട്ടുപോകുകയായിരുന്നു ഇവര്‍. ഇതിനിടെ സാമന്തയ്ക്ക് ഓട്ടോഇമ്മ്യൂണ്‍രോഗമായ മയോസൈറ്റിസ് പിടിപെടുകയും ചെയ്തു. തുടര്‍ന്ന് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് അവരിപ്പോള്‍. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സാമന്ത.

സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ മുന്നോടിയെന്നോണം ഒരു ഹെല്‍ത്ത് പോഡ്കാസ്റ്റ് ഷോയ്ക്ക് സാമന്ത തുടക്കമിട്ടിരുന്നു. ഇതിലാണ് അവര്‍ വിവാഹമോചനത്തേക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ നാഗചൈതന്യയുടെ പേര് നടി പരാമര്‍ശിച്ചിട്ടില്ല. ‘എനിക്ക് ഈ പ്രശ്‌നം ഉണ്ടായതിന്റെ തലേവര്‍ഷം ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. എനിക്ക് വളരെയധികം ബുദ്ധിമുട്ടനുഭവപ്പെട്ട വര്‍ഷമായിരുന്നു അത്. അല്‍പ്പം വിശ്രമമോ ശാന്തതയോ എനിക്ക് കുറേ നാളായി അനുഭവപ്പെട്ടിട്ടില്ല. എന്റെ സുഹൃത്തും പാര്‍ട്ണറും മാനേജറുമായ ഹിമാങ്കുമൊത്ത് മുംബൈയില്‍ നിന്ന് തിരിച്ചെത്തുമെന്ന് കരുതിയ ആ ദിവസം ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു.’ സാമന്ത പറഞ്ഞു.

‘രണ്ടുവര്‍ഷം മുമ്പുള്ള ഒരു ജൂണിലാണ് ഇതെല്ലാം നടക്കുന്നത്. വളരെയേറെ ശാന്തത അനുഭവപ്പെടുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. അതിനുശേഷം വളരെ സമാധാനം തോന്നി. കുറേ നാളുകള്‍ക്ക് ശേഷം ശ്വസിക്കാനും ഉറങ്ങാനും ജോലിയില്‍ ശ്രദ്ധിക്കാനും ജോലിയില്‍ ഏറ്റവും മികച്ചതായിത്തീരാനും സാധിക്കുമെന്ന് തോന്നി.’ സാമന്ത കൂട്ടിച്ചേര്‍ത്തു.

വിജയ് ദേവരകൊണ്ട നായകനായെത്തിയ കുഷിയാണ് സാമന്ത നായികയായി ഒടുവില്‍ പുറത്തിറങ്ങിയത്. രാജ്, ഡികെ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സിറ്റാഡെല്‍ സീരീസിന്റെ ഡബ്ബിങ് ജോലികളിലാണ് സാമന്ത ഇപ്പോള്‍. വരുണ്‍ ധവാനാണ് സീരീസിലെ നായകന്‍.

Top