ഗർഭാശയ ക്യാൻസറിനെതിരെയുള്ള വാക്സിൻ ഇന്ന് പുറത്തിറങ്ങും

സെർവിക്കൽ ക്യാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ’ വികസിപ്പിച്ചെടുത്തത്. ജൂലൈയിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിനേഷന് അനുമതി നൽകിയിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഡൽഹിയിൽ പുറത്തിറക്കും. വാക്‌സിൻ 85-90 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 9-14 വയസ് വരെയുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതോടെ ഭാവിയിൽ ഇന്ത്യയിലെ ക്യാൻസർ രോഗികളായ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ വാക്‌സിൻ നൽകി തുടങ്ങി 30 വർഷത്തിന് ശേഷം ഒരൊറ്റ സെർവിക്കൽ രോഗികളും ഉണ്ടാവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മൂന്ന് അർബുദങ്ങളിൽ ഒന്ന് സെർവിക്കൽ ക്യാൻസറാണ്. ഒരു വൈറസ് കാരണമാകുന്ന അപൂർവ ട്യൂമറുകളിൽ ഒന്നാണ് ഇത്. സ്ത്രീകളിൽ വരുന്ന ഗർഭാശയ മുഖത്തിലെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ലോകത്തിലെ അഞ്ചിലൊന്ന് കേസുകളും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രതിവർഷം 1.23 ലക്ഷം പുതിയ കേസുകളും 67,000 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Top