വഴികച്ചവടം നടത്തുന്ന ബാലനുമായി വിലപേശല്‍ നടത്തുന്ന കേന്ദ്രമന്ത്രി; വൈറലായി വീഡിയോ

ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് അവർ പറയുന്ന വിലക്ക് സാധനങ്ങൾ വാങ്ങുന്ന നമുക്ക് വഴിയോര കച്ചവടക്കാരുടെ മുകളിലാണ് ചെലവു ചുരുക്കൽ പദ്ധതി നടപ്പാക്കാനിഷ്ടം. അന്നന്നത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന അവരുടെ അടുക്കൽ നിന്നും വിലപേശാതെ എന്തെങ്കിലും വാങ്ങിയാൽ തന്നെ പറ്റിക്കപ്പെട്ടതായി തോന്നുന്ന ജനതയാണ് നമ്മുടേത്. അപ്പോഴാണ് നമ്മുടെ കേന്ദ്രമന്ത്രി വഴിയരികിൽ ചോളം വിൽപ്പന നടത്തുന്ന ബാലനോട് വിലപേശുന്ന വീഡിയോ വൈറലാകുന്നത്.

ഗ്രാമവികസന വകുപ്പ് – സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെയാണ് വഴിയില്‍ കച്ചവടം നടത്തുന്ന ബാലനോട് ചോളത്തിന്‍റെ വിലയെ ചൊല്ലി തര്‍ക്കിക്കുന്നത്. മധ്യപ്രദേശിലെ സിയോനിയില്‍ നിന്നും മാണ്ഡ്ലയിലേക്കുള്ള യാത്രാമദ്ധ്യേ, ഒരു ഗ്രാമപ്രദേശത്ത് വഴിയരികില്‍ ചോളം വില്‍ക്കുന്ന കടയിലാണ് മന്ത്രി കാറില്‍ വന്നിറങ്ങുന്നത്. ശേഷം ചോളത്തിന് ഓര്‍ഡര്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നെല്ലാം വിശദമായി ബാലനോട് പറയുന്നുണ്ട്.

പിന്നീട് ചോളത്തിന്‍റെ വില പറയുമ്പോൾ മന്ത്രിയുടെ പ്രകൃതം മാറുന്നത് നമുക്ക് വീഡിയോയിൽ കാണാം. മൂന്ന് ചോളത്തിന് 45 രൂപയാണ് ബാലൻ പറഞ്ഞത്. അതായത് ഒരു ചോളത്തിന് 15 രൂപ. ഇത് വളരെ കൂടുതലായ വിലയാണെന്ന് പറഞ്ഞാണ് മന്ത്രി പിന്നീട് ബാലനോട് വിലപേശല്‍ നടത്തുന്നത്. ഇവിടങ്ങളില്‍ ചോളം വെറുതെ കിട്ടുമെന്ന് വരെ മന്ത്രി പറയുന്നുണ്ട്.

എന്നാല്‍ ഇതുതന്നെയാണ് ചോളത്തിന്‍റെ വിലയെന്നും കാറില്‍ വന്നിറങ്ങിയത് കൊണ്ട് വില കൂട്ടി പറഞ്ഞതല്ല എന്നും ചെറുചിരിയോടെ ബാലൻ മറുപടിയായി പറയുന്നുണ്ട്. ഒടുവില്‍ ബാലൻ പറഞ്ഞ അതേ വിലയ്ക്കാണ് മന്ത്രി ചോളം വാങ്ങിക്കുന്നത്.

Top