ഭക്ഷണം യാചിച്ച ഒരു ആദിവാസി യുവാവിനെ കേരളത്തില്‍ തല്ലിക്കൊന്നു; കേരളത്തിനെതിരെ ആഞ്ഞടിച്ച് നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. ഭക്ഷണം യാചിച്ച ഒരു ആദിവാസി യുവാവിനെ കേരളത്തില്‍ തല്ലിക്കൊന്നു. കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പണം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നോട് ചോദിക്കാം. മോദി നിങ്ങളുടെ ആളുകള്‍ക്ക് പോഷകഹാരം നല്‍കുന്നത് തടയുന്നില്ലലോ. നിങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒരു മധു ഉണ്ടാവില്ലായിരുന്നുവെന്നും നിര്‍മ്മല ആരോപിച്ചു.

സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാരിന് ഒരു പ്രശ്‌നവും ഇല്ല. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നില്ല. ആവശ്യമായ സമയങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നിര്‍മ്മല പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിനാണ് ധനമന്ത്രിയുടെ മറുപടി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിന്മേലുള്ള ചര്‍ച്ചയിലായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനവും ധനമന്ത്രിയുടെ മറുപടിയും. ധനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷ ബഞ്ച് പ്രതിഷേധം ഉയര്‍ത്തി.

യാത്ര ദുരിതം അവസാനിപ്പിക്കാന്‍ കേരളത്തിന് കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്നും കോവിഡ് സമയത്ത് നിര്‍ത്തലാക്കിയ പാസ്സഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണം എന്നും കെ മുരളീധരന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താളം തെറ്റിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് മമത ബാനര്‍ജിയെ അപമാനിച്ചു എന്ന് ആരോപിച്ച് ടിഎംസി വനിത എംപിമാര്‍ പാര്‍ലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ശൈത്യകാല സമ്മേളനത്തില്‍ ആദ്യമായി രാജ്യസഭയില്‍ എത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി എംപിമാര്‍ സ്വീകരിച്ചത്.

Top