ടെല്‍ അവീവ്: യുദ്ധ സന്നാഹങ്ങള്‍ പലരീതികളിലുണ്ടെങ്കിലും അതൊന്നും ഇസ്രയേലിനോടൊപ്പം വരില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ വെളിപ്പെടുത്തല്‍.
വിഷമയമായ ടൂത്ത്‌പേസ്റ്റും, ആയുധമേന്തിയ ഡ്രോണുകളും, പൊട്ടിത്തെറിക്കുന്ന സെല്‍ഫോണുകളും, റിമോട്ട് കണ്‍ട്രോള്‍ ബോംബുകള്‍ ഘടിപ്പിച്ച ടയറുകളുമൊക്കെയാണത്രേ ഇസ്രയേലിന്റെ ആയുധശേഖരത്തിലുള്ളത്.
ഇസ്രയേലിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ റോണെന്‍ ബെര്‍ഗ്മാന്റെ പുതിയ പുസ്തകത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രയേല്‍ ചാരസംഘടന മൊസാദ്, സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റ് തുടങ്ങിയവയിലെ അംഗങ്ങളും സൈനികരുമുള്‍പ്പെടെ നിരവധിപ്പേരുമായി അഭിമുഖം നടത്തിയാണ് ‘റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ്’ എന്ന പുസ്തകം ബെര്‍ഗ്മാന്‍ പുറത്തിറക്കിയിരിക്കുന്നത്. അറുനൂറിലേറെ പേജുള്ള പുസ്തകത്തില്‍ ആയിരത്തോളം അഭിമുഖങ്ങളില്‍നിന്നും ആയിരക്കണക്കിനു രേഖകള്‍ പരിശോധിച്ചതില്‍നിന്നുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇസ്രയേല്‍ കുറഞ്ഞത് 2,700 കൊലപാതക പദ്ധതികളും മറ്റും ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നടത്തിയിട്ടുണ്ടെന്നു പുസ്തകത്തില്‍ പറയുന്നു. ഇതില്‍ പലതും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും മറ്റേതൊരു പാശ്ചാത്യ രാജ്യവുമായി തട്ടിച്ചുനോക്കിയാല്‍ ഇത്തരം ആയുധക്കോപ്പുകള്‍ ഇസ്രയേല്‍ ശേഖരിച്ചുകൊണ്ടേയിരിക്കുന്നു.
യുദ്ധസമയത്ത്, ശത്രു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നതായും പുസ്തകത്തിലുണ്ട്. അര ഡസനോളം ഇറാനിയന്‍ ആണവശാസ്ത്രജ്ഞരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
സൈനികമായി ആക്രമിച്ച് ശത്രുരാജ്യത്തെ പരാജയപ്പെടുത്തുന്നതിനു പകരം അവരുടെ പ്രതിഭാധനരെ വധിക്കുന്നതുള്‍പ്പെടെയുള്ള പരോക്ഷ യുദ്ധമാണ് ഇസ്രയേല്‍ ചെയ്തുവന്നിരുന്നത്.