ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലിറങ്ങിയ കടുവയെ സാഹസികമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലിറങ്ങിയ കടുവയെ സാഹസികമായി പിടികൂടി. പിലിഭിത്ത് ജില്ലയിലെ കടുവ റിസര്‍വില്‍ നിന്നും തിങ്കളാഴ്ച രാത്രി കലിനഗറിലെ അട്കോണ ഗ്രാമത്തിലെത്തിയ കടുവയെയാണ് പിടികൂടിയത്. മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ കടുവ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കടുവയുടെ വാലില്‍ പിടിക്കുകയായിരുന്നു. പിന്നീട് കടുവ മയങ്ങിയശേഷം കൂട്ടിലാക്കി.

രാത്രിയില്‍ തെരുവുനായക്കളുടെ നിര്‍ത്താതെയുള്ള കുരക്കേട്ട് ഗ്രാമനിവാസികള്‍ നോക്കിയപ്പോഴാണ് വീടിന്റെ മതിലില്‍ വിശ്രമിക്കുന്ന കടുവയെ കണ്ടത്. ഇതോടെ വിവരം വനംവകുപ്പിനെ അറിയിച്ചു. കടുവയെ നിരീക്ഷിക്കാനായി ഗ്രാമവാസികള്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ കാവല്‍നിന്നു.
നിരവധി ആളുകളാണ് മതിലിനുമുകളില്‍ വിശ്രമിക്കുന്ന കടുവയെ കാണാനും ചിത്രങ്ങളും വീഡിയോയുമെടുക്കാനും ഗ്രാമത്തിലേക്കെത്തിയത്. കടുവയിരിക്കുന്ന മതിലിനുചുറ്റും വല ഉപയോഗിച്ച് മറച്ചതിനാല്‍ ഇതിനുപുറകിലായിരുന്നു ആളുകള്‍ നിന്നിരുന്നത്. ഉറക്കമുണര്‍ന്നതിനുശേഷവും കടുവ മതിലിനുമുകളില്‍ നിന്നും അനങ്ങിയില്ല. ഇരുട്ടില്‍ ഫ്ളാഷ് ലൈറ്റുകള്‍ കാണിച്ചിട്ടും കടുവ യാതൊരു പ്രകോപനവുമില്ലാതെ അതേ സ്ഥാനത്ത് ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വനംവകുപ്പിന്റെ അശ്രദ്ധ മൂലമാണ് കടുവ ഗ്രാമത്തിലെത്തിയതെന്ന് ഗ്രാമനിവാസികളുടെ ആരോപണം. 2015ല്‍ കടുവ സംരക്ഷണ കേന്ദ്രം ആരംഭിച്ചതിനുശേഷം ഇവിടെ നാല്പതിനുമധികം കടുവ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുമാസത്തിനിടെ അഞ്ചുപേരും കടുവയുടെ ആക്രമണത്തില്‍ ജില്ലയില്‍ കൊല്ലപ്പെട്ടിരുന്നു.

Top