പത്തനംതിട്ടയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ അടിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ഇടയാറന്‍മുളയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്പെന്‍ഷന്‍. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോര്‍ട്ട് തേടി. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്‌പെന്‍ഷന്‍. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

അധ്യാപകന്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.അതേസമയം, പാഠഭാഗങ്ങള്‍ എഴുതിയില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനിയെ ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപകന്‍ നിലത്തിരുത്തുകയും ചൂരല്‍ വടി ഉപയോഗിച്ച് തല്ലിയതും എന്നാണ് പരാതി. വിദ്യാര്‍ഥിനിക്ക് ഇതിനുമുന്‍പും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ കുട്ടിയുടെ കൈയ്യില്‍ ബോധപൂര്‍വ്വം താന്‍ മര്‍ദിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകന്‍ പൊലീസിന് നല്‍കിയ മൊഴി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ആറന്മുള പൊലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്

Top