വടകരയില്‍ ചായക്കടക്കാരന്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: വടകരയില്‍ ചായക്കടക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയില്‍ സ്വദേശി കൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് കാരണം കൃഷ്ണന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

മേപ്പയില്‍ വര്‍ഷങ്ങളായി ചായക്കട നടത്തുകയായിരുന്നു തെയ്യുള്ളതില്‍ കൃഷ്ണന്‍ (70). വെള്ളിയാഴ്ച ഉച്ചവരെ കടയിലുണ്ടായിരുന്ന കൃഷ്ണനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യയെകുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കി. സംഭവത്തില്‍ കേസെടുത്ത് വടകര പോലീസ് അന്വേഷണമാരംഭിച്ചു.

 

Top