ടൈറ്റാനിക് അവശിഷ്ടം കാണാന്‍ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി

വാഷിങ്ടണ്‍ ഡി.സി: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണിക്കാന്‍ സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായതായി റിപ്പോര്‍ട്ട്. ഓഷ്യന്‍ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. യു.എസ്, കനേഡിയന്‍ നാവികസേനയും സ്വകാര്യ ഏജന്‍സികളും മുങ്ങിക്കപ്പലിനെ കണ്ടെത്താന്‍ ഊര്‍ജിതമായ ശ്രമം തുടരുകയാണ്.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ താഴ്ചയിലാണ് 1912ല്‍ തകര്‍ന്ന കൂറ്റന്‍ യാത്രാക്കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനാണ് ട്രക്കിന്റെ വലിപ്പമുള്ള മുങ്ങിക്കപ്പലില്‍ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളര്‍) ടൈറ്റാനിക് സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ് (58) കാണാതായ കപ്പലില്‍ ഉണ്ടെന്ന് കുടുംബം അറിയിച്ചു.

ഗവണ്‍മെന്റ് ഏജന്‍സികളും യുഎസ്, കനേഡിയന്‍ നാവികസേനകളും വാണിജ്യ ആഴക്കടല്‍ സ്ഥാപനങ്ങളും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 13,000 അടി താഴ്ച വരെ തെരയാന്‍ കഴിയുന്ന സോണാര്‍ ബോയ്കള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ 96 മണിക്കൂര്‍ അതിജീവിക്കാനുള്ള ശേഷി ഈ സബ്?മെര്‍സിബിളിനുണ്ടെന്നു കരുതപ്പെടുന്നു,ആ സമയത്തെ ഓരോ നിമിഷവും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നു മൗഗര്‍ പറഞ്ഞു. ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിംഗ് , കഴിഞ്ഞ ദിവസം ന്യൂഫൗണ്ട്ലാന്‍ഡിലെ സെന്റ് ജോണ്‍സില്‍ നിന്ന് പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് പര്യവേഷണ സംഘത്തില്‍ താനുണ്ടായിരുന്നുവെന്ന് ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു.

Top