ബീഹാറില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

പട്‌ന: മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച യുവ സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ബീഹാറിലെ ജാമുയി ജില്ലയിലാണ് അനധികൃതമായി ഖനനം ചെയ്ത മണല്‍ കടത്തുകയായിരുന്ന സംഘത്തെ തടയാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആക്രമണമുണ്ടായത്. സബ് ഇന്‍സ്‌പെക്ടറായ പ്രഭാത് രഞ്ജനാണ് കൊല്ലപ്പെട്ടത്.  സംഭവത്തില്‍ ഹോം ഗാര്‍ഡുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിവാന്‍ ജില്ലക്കാരനായ പ്രഭാത് രഞ്ജന്‍ ഗാര്‍ഹി പൊലീസ് സ്റ്റേഷന്റെ ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അക്രമണത്തിന് പിന്നാലെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖര്‍ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ പുതുമയുള്ള കാര്യമല്ലെന്നും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മുന്‍പും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേസിലെ പ്രതികള്‍ക്ക് നിയമാനുസൃതമായ ശിക്ഷ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്രഭാത് രഞ്ജന് നാല് വയസ്സുള്ള ഒരു മകളും ആറ് മാസം പ്രായമുള്ള ഒരു മകനുമുണ്ട്. പ്രസവത്തെ തുടര്‍ന്ന് ഭാര്യ ഇപ്പോള്‍ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രഭാതിന്റെ കുടുംബവും ദില്ലിയിലാണ്. കുടുംബാംഗങ്ങള്‍ ജാമുയിയില്‍ ഉടന്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top