പട്‌നയിൽ പുകവലിച്ച വിദ്യാര്‍ഥിയെ അധ്യാപകരും സ്‌കൂള്‍ ചെയര്‍മാനും ചേര്‍ന്ന് അടിച്ചുകൊന്നു

പട്‌ന : പൊതുസ്ഥലത്ത് പുകവലിച്ച വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചുകൊന്നു. ബീഹാറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. 15 കാരനാണ് കൊല്ലപ്പെട്ടത്.

ബീഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ബജറംഗ് കുമാറാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. അമ്മയുടെ മൊബൈല്‍ റിപ്പയര്‍ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയില്‍ ഹാര്‍ദിയ പാലത്തിന് കീഴെ കൂട്ടുകാരോടൊപ്പം നിന്ന് പുകവലിക്കുന്നതിനിടെയാണ് സംഭവം.

സ്‌കൂള്‍ ചെയര്‍മാനായ വിജയ്കുമാര്‍ യാദവ് ഇതുവഴി വരികയും ഇത് കാണുകയും ദേഷ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവും യാദവിനൊപ്പമുണ്ടായിരുന്നു. ബജറംഗിന്റെ അച്ഛനെ വിളിച്ചുവരുത്തിയ യാദവ് കുട്ടിയെ വലിച്ചിഴച്ച് സ്‌കൂള്‍ പരിസരത്തെത്തിച്ച ശേഷം മറ്റധ്യാപകരുമായി ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കുട്ടിയെ നഗ്നനാക്കി ബെല്‍റ്റുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് മാതാവും സഹോദരിയും പറഞ്ഞു. കഴുത്തിനും കയ്യിനും ആഴത്തില്‍ മുറിവുണ്ടായിരുന്നു. ബോധം പോയപ്പോള്‍ അധ്യാപകര്‍ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

എന്നാല്‍ താന്‍ പുകവലിച്ചത് വീട്ടുകാരറിയുമെന്ന് ഭയന്ന് കുട്ടി വിഷം കഴിച്ചതാണെന്നാണ് സ്‌കൂള്‍ ചെയര്‍മാന്റെ വാദം. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നുവെന്നും യാദവ് പറഞ്ഞു. കുട്ടിയടെ മൃതദേഹം മോട്ടിഹാരിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സ്‌കൂള്‍, അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.

Top