ലഹരിവിരുദ്ധ കാമ്പയിനിടെ വിദ്യാർഥിക്ക് പൊള്ളലേറ്റ സംഭവം; ചികിത്സാ ചെലവ് സർ‌ക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കവെ പൊള്ളലേറ്റ് ആശുപത്രിയിലായ വിദ്യാർഥിയുടെ ചികിത്സാ ചെലവ് സർ‌ക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് പിസിഎഎല്‍പി സ്കൂള്‍ കാവശേരിയിലെ വിദ്യാർത്ഥിനിയായ അക്ഷരക്കാണ് പൊള്ളലേറ്റത്. പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിക്കുമ്പോളാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമാണ് അക്ഷരയെ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബര്‍ ഒന്നിന് നടന്ന ലഹരിവിരുദ്ധ ശൃംഖലയുടെ ഭാഗമായി മയക്കുമരുന്ന് പ്രതീകാത്മകമായി കത്തിക്കുമ്പോഴാണ് പൊള്ളലേറ്റത്.

അപകടത്തിൽ അധ്യാപിക ജെസി മാത്യുവിനും പൊള്ളലേറ്റു. ഇവർ തൃശൂര്‍ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാരുമായി മന്ത്രി ചര്‍ച്ച നടത്തി. രണ്ടുപേരെയും മന്ത്രി സന്ദർശിച്ചു. മികച്ച ചികിത്സ ഇരുവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയെന്നും സാധ്യമായ എല്ലാ സഹായവും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും തുടർന്നും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. ലഹരിക്കെതിരെ മന്ത്രിയുടെ ആഹ്വാന പ്രകാരം സംസ്ഥാനമാകെ ദീപം തെളിയിച്ചിരുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നവംബര്‍ ഒന്നിന് നടന്ന ലഹരിവിരുദ്ധ ശൃംഖലയുടെ ഭാഗമായി മയക്കുമരുന്ന് പ്രതീകാത്മകമായി കത്തിക്കുമ്പോള്‍ പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള അക്ഷരയുടെ മുഴുവൻ ചികിത്സ ചിലവും സർക്കാർ ഏറ്റെടുക്കും. വിഷയത്തിൽ ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. പാലക്കാട് പിസിഎഎല്‍പി സ്കൂള്‍ കാവശേരിയിലെ വിദ്യാർത്ഥിനിയായ അക്ഷരയെ ഇന്നലെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റ അധ്യാപിക ജെസി മാത്യുവിനെ തൃശൂര്‍ ജൂബിലി ആശുപത്രിയിലെത്തിയും കണ്ടിരുന്നു. ചികിത്സയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. മികച്ച ചികിത്സ ഇരുവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്‌. സാധ്യമായ എല്ലാ സഹായവും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും തുടർന്നും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു

Top