ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; ‘ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ്’ മോഷന്‍ പോസ്റ്റര്‍ എത്തി

ദില്ലി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാജ്കുമാർ സന്തോഷി ഒരുക്കുന്ന ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് രാജ്കുമാർ സന്തോഷി തിരിച്ചുവരുന്ന ചിത്രമാണ് ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്.

ഇന്ത്യൻ സിനിമയ്‌ക്ക് വഴിത്തിരിവാകുന്ന സിനിമകളുടെ സംഭാവനയ്ക്ക് പേരുകേട്ട സംവിധായകൻ മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സംവിധായകൻ പുറത്തിറക്കി.\

ആന്ദാസ് അപ്‌ന അപ്‌ന മുതൽ ഫാറ്റ പോസ്റ്റർ നിക്‌ല ഹീറോ വരെ ബിഗ് സ്‌ക്രീനിൽ മികച്ച ചില ചിത്രങ്ങള്‍ മുന്‍കാലങ്ങളില്‍ അവതരിപ്പിച്ച സംവിധായകനാണ് രാജ്കുമാർ സന്തോഷി. മഹാത്മാഗാന്ധിയും നാഥുറാം ഗോഡ്‌സെയും തമ്മിലുള്ള പ്രത്യയശാസ്ത്ര യുദ്ധം ചിത്രീകരിക്കുന്ന വീഡിയോ, ചിത്രം കാണാനുള്ള ആകാംക്ഷ പ്രേക്ഷകരിൽ വർധിപ്പിക്കുന്നു.

മഹാത്മാഗാന്ധിയുടെ വേഷം ചെയ്യുന്നത് പ്രതിഭാധനനായ ദീപക് അന്താനിയാണ്, ചിത്രത്തിൽ നാഥുറാം ഗോഡ്‌സെയായി ചിന്മയ് മണ്ഡ്ലേക്കർ എത്തുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ചരിത്രത്തിലെ മറ്റ് പ്രമുഖ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

അസ്ഗർ വജാഹത്തും രാജ്കുമാർ സന്തോഷിയും ചേർന്നാണ് ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എഴുതിയിരിക്കുന്നത്. സന്തോഷി പ്രൊഡക്ഷൻസ് എൽഎൽപി നിർമ്മിക്കുന്ന ചിത്രം പിവിആർ പിക്ചേഴ്സ് റിലീസ് ആണ്. സിനിമയില്‍ സംഗീതസംവിധാനം എ.ആർ.റഹ്മാനാണ്. ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ് 2023 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു.

Top