തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് രണ്ടു കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ഇതേ തെരുവു നായയുടെ കടിയേറ്റത്. വെങ്ങാനൂര്‍ പഞ്ചായത്ത്, പുത്തന്‍കാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. കുട്ടികള്‍ക്ക് മുഖത്താണ് കടിയേറ്റത്. കടിയേറ്റവര്‍ക്ക് ഇന്നലെ തന്നെ വാക്‌സിനുള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ വെങ്ങാനൂര്‍ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാന്‍ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‌ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കണ്ണിനുള്‍പ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നല്‍കിയിരുന്നു. നായ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകള്‍ക്കകം ചത്ത് പോയിരുന്നു.

Top