‘ഒരു താര ദമ്പതികൾ എന്നെ വിടാതെ പിന്തുടരുന്നു’; കടുത്ത ആരോപണവുമായി കങ്കണ

മുംബൈ: ബോളിവുഡ് താരങ്ങൾക്കെതിരെ ദുരൂഹമായ പരാമർശങ്ങളുമായി നടി കങ്കണ റണാവത്ത്. ദീർഘമായ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേരുപറയാത്തെ ഒരു ബോളിവുഡ് താരദമ്പതികൾക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിരിക്കുന്നത്. ബോളിവുഡിൽ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോൾ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും സ്വന്തം വീട്ടിൽ വരെ ചാരപ്രവർത്തനം നടത്തുകയാണെന്നുമാണ് ആരോപണം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്യുന്നു. തെരുവുകളിൽ മാത്രമല്ല, എന്റെ കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും അവർ എന്നെ ചിത്രം പകർത്താൻ സൂം ലെൻസുകൾ വച്ചിട്ടുണ്ട്. രാവിലെ 6:30ന് എന്റെ ചിത്രം എടുക്കുന്നുണ്ട്. അവർക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂൾ ലഭിക്കുന്നത്? ഈ ചിത്രങ്ങൾ കൊണ്ട് അവർ എന്താണ് ചെയ്യുന്നത്? ഇപ്പോൾ ഞാൻ അതിരാവിലത്തെ കൊറിയോഗ്രഫി പ്രാക്ടീസ് സെഷൻ പൂർത്തിയാക്കിയിരിക്കുകയാണ്. സ്റ്റുഡിയോയിലേക്ക് വരാൻ ആർക്കും ഒന്നും നൽകിയിട്ടില്ല. സ്റ്റുഡിയോയിലേക്ക് വരാൻ ആർക്കും സൂചന നൽകിയിരുന്നില്ല. എന്നിട്ടും ഞായറാഴ്ചയായിട്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്’.

‘എന്റെ വാട്ട്സ്ആപ്പ് വിവരങ്ങളും പ്രൊഫഷണൽ ഡീലുകളും വ്യക്തിജീവിത വിവരങ്ങൾ പോലും ചോർന്നതായി എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ (ശാരീരികബന്ധത്തിന്) നിർബന്ധിച്ച, സ്വജനപക്ഷപാത മാഫിയയുടെ കോമാളിവേഷം കെട്ടിയയാളാണ്. അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ്. ഇപ്പോൾ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റുമാണെന്നും കങ്കണ തുടരുന്നു.

നിർമാതാവാകാനും കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും എന്നെപ്പോലെ വസ്ത്രം ധരിക്കാനും എന്നെപ്പോലെ വീടിന്റെ ഇന്റീരിയർ ചെയ്യാൻ വരെ അയാൾ ഇപ്പോൾ ഭാര്യയെ നിർബന്ധിക്കുകയാണ്. എന്റെ സ്വന്തം സ്‌റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്തിരിക്കുകയാണ്. വർഷങ്ങളായി എന്റെ സ്‌റ്റൈലിസ്റ്റായിരുന്നവർ ഇപ്പോൾ എനിക്കൊപ്പം ജോലി ചെയ്യാൻ വിസമ്മതിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

‘ഈ ശല്യപ്പെടുത്തുന്ന സ്വഭാവത്തെ ഭാര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുൻപ് എന്റെ സഹോദരന്റെ വിവാഹ സൽക്കാരത്തിന് ഞാൻ ഉടുത്തിരുന്ന അതേ സാരി അവളുടെ വിവാഹത്തിന് പോലും അവൾ ധരിച്ചിരുന്നു. ഇത് വിചിത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് അറിയുന്ന സിനിമാ വസ്ത്രാലങ്കാരം ചെയ്യുന്ന ഒരു സുഹൃത്ത് അടുത്തിടെ എന്നോട് മോശമായി പെരുമാറി. യാദൃശ്ചികമെന്നോണം അവൻ ഇപ്പോൾ ഇതേ ദമ്പതികൾക്കൊപ്പമാണ് ജോലി ചെയ്യുന്നത്‌. എനിക്ക് ഫണ്ട് നൽകുന്നവരോ ബിസിനസ്സ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകൾ ഉപേക്ഷിക്കുന്നു’.

സ്‌റ്റോറി പോസ്റ്റ് ചെയ്തതിനു പിന്നാലെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. രൺബീർ കപൂർ-ആലിയ ഭട്ട് താരദമ്പതികൾക്കെതിരെയാണ് കങ്കണയുടെ ആരോപണമെന്നാണ് ബോളിവുഡ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുമുൻപും ദമ്പതികൾക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു.

Top