75-ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാന്‍ കേരളത്തിലെ ഇരുനൂറോളം പേര്‍ക്ക് പ്രത്യേക ക്ഷണം

ഡല്‍ഹി: ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ജനുവരി 26-ന് നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേര്‍ക്ക് പ്രത്യേക ക്ഷണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീര്‍ഗാഥ 3.0 മത്സര വിജയികളും ഇവരില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തിന് അഭിമാനമായ ഐ.എസ്.ആര്‍.ഒ ദൗത്യങ്ങളില്‍ പങ്കാളികളായ ശാസ്ത്രജ്ഞരും പ്രത്യേക ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നുണ്ട്. പി എം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാര്‍, പി.എം ആവാസ് യോജന, ഡിജിറ്റല്‍ ഇന്ത്യയക്ക് കീഴില്‍ ഇലക്ട്രോണിക് നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ തൊഴിലാളികള്‍, മികച്ച പ്രകടനം കാഴ്ച വെച്ച സ്വയം സഹായ സംഘങ്ങള്‍, മികച്ച കര്‍ഷക ഉത്പാദക സംഘടനകള്‍ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പരേഡ് നേരിട്ട് കാണാന്‍ പ്രത്യേക ക്ഷണിതാക്കള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15,000-ത്തോളം പേര്‍ക്കാണ് പ്രത്യേക ക്ഷണിതാക്കള്‍ എന്ന നിലയില്‍ ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ അവസരം ലഭിക്കുന്നത്.

Top