സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേകം സമിതി

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ സമിതിയെയാണ്‌ നിയോഗിക്കുന്നത്. നടി ശാരദ,കെ.ബി വത്സല കുമാരി എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമാ മേഖലയിലെ വനിതകള്‍ തൊഴിലിടങ്ങളില്‍ ഏറെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി സര്‍ക്കാരിന് നേരത്തെ പരാതി ലഭിച്ചിരുന്നു. കൊച്ചിയില്‍ നടി അക്രമിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടിരുന്നു.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വ്വതി, സജിതാ മഠത്തില്‍, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ് എന്നിവരാണ് സംഘടനയുടെ നേതൃസ്ഥാനങ്ങളിലുള്ളത്.

Top