സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ അവതരിപ്പിക്കേണ്ട ബില്ലുകൾ ച‍‍ര്‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ നടക്കും. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിച്ചേക്കുമെന്നാണ് സൂചന.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, സര്‍വ്വകലാശാല ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കും.

സര്‍ക്കാര്‍ -ഗവര്‍ണ‍ര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസിലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിയമ സര്‍വ്വകലാശാല ഒഴികെ ബാക്കിയെല്ലാം ചാൻസിലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസിലര്‍ എന്ന നിലയിൽ  ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ ചാൻസിലറെ കണ്ടെത്തുമ്പോൾ ഓഫീസ്, ഫോൺ, കാര്‍, എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്.

ഇതൊഴിവാക്കാൻ ചാൻസിലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണ്ട. ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണ‍ര്‍ ഒപ്പിടാനും ഇടയില്ല.

Top