കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വികസനത്തിന് പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിക്കുമെന്ന് പി. പ്രസാദ്

തിരുവനന്തപുരം: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കര്‍മ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും ചേര്‍ന്ന് നടത്തിയ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

വിവിധ വിഷയങ്ങള്‍ പഠന വിധേയമാക്കി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. കോര്‍പ്പറേഷനെ ലാഭത്തിലെത്തിക്കാന്‍ മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമം കൂടിയേ തീരൂ. വൈവിധ്യ വല്‍ക്കരണത്തിലൂടെ പ്ലാന്റേഷനുകളുടെ വികസനം സാധ്യമാക്കാനാവും.

ബോണസ് കുടിശിക, ഇടക്കാലാശ്വസം, യൂണിഫോം/ മെഡിക്കല്‍/വാഷിങ് അലവന്‍സുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വന്യ മൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. വിവിധ ഏജന്‍സികളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ലഭ്യമാകേണ്ട ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള ശുപാര്‍ശകള്‍ അടിയന്തിരമായി ഹൈ പവര്‍ കമ്മറ്റിയുടെ പരിഗണനയില്‍ കൊണ്ടുവന്ന് നടപടികള്‍ സ്വീകരിക്കും.

Top