വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡോക്ടറെ പിരിച്ചുവിട്ടു

കൽപ്പറ്റ: വയനാട്ടിൽ ഗോത്രദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മാനന്തവാടി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി കെല്ലൂർ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മാർച്ച് 22-ന് മരിച്ചത്. കടുത്ത ന്യുമോണിയയും വിളർച്ചയുമായി മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിയെ ഡോക്ടർ മരുന്നുനൽകി പറഞ്ഞയക്കുകയായിരുന്നു.

കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ദമ്പതികളോട് അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഡോക്ടർ ദേഷ്യപ്പെടുകയും ഒരു മരുന്നു മാത്രം ആശുപത്രിയിൽ നിന്ന് നൽകുകയും ബാക്കിയുള്ളവ പുറത്തു നിന്നു വാങ്ങാൻ പറഞ്ഞു മടക്കി അയയ്ക്കുകയുമായിരുന്നെന്ന് പിതാവ് ബിനീഷ് പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് കുട്ടി മരിച്ചത്.

ന്യുമോണിയയും വിളർച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിനും പട്ടികവർഗ വികസനവകുപ്പിനും ഐസിഡിഎസിനും വീഴ്ചപറ്റിയതായി കണ്ടെത്തി. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവർത്തകരായ രണ്ട് നഴ്സുമാർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വീഴ്ചപറ്റിയെന്നാണ് പ്രാഥമിക നിഗമനമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Top